പൊലീസ് ഉദ്യോഗസ്ഥന്റെ കൈവിരല്‍ ക്രിമിനല്‍ കേസ് പ്രതി കടിച്ചു മുറിച്ചെടുത്തു; അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ കൈവിരല്‍ പ്രതി കടിച്ചു മുറിച്ചെടുത്തു. ഇന്നലെ രാവിലെ ഏഴുമണിക്കാണ് സംഭവം. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം. കിഷോറി(39)ന്റെ വലതുകൈയുടെ മോതിരവിരലാണ് പ്രതി കടിച്ചു പറിച്ചത്. കാക്കാഴം കമ്പി വളപ്പില്‍ കണ്ണന്‍ (27) ആണ് പൊലീസുകാരന്റെ കൈ കടിച്ചെടുത്തത്.

സംഭവം ഇങ്ങനെ: ബുധനാഴ്ച രാത്രി കണ്ണന്‍ തന്റെ ഭാര്യ മാതാവ് സന്ധ്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നാലു വയസുള്ള മകളേയും സന്ധ്യയുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും, ഭാര്യ സഹോദരന്റെ ബൈക്കും അടിച്ചെടുത്ത് ഇയാള്‍ പിന്നീട് സ്ഥലംവിട്ടു. തുടര്‍ന്ന് സന്ധ്യ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് രാവിലെ പുലര്‍ച്ചയോടെ ഇയാള്‍ മദ്യപിച്ച് ലക്കുക്കെട്ട് സ്റ്റേഷനില്‍ എത്തി. പൊലീസുകാര്‍ ഇയാളെ ലോക്കപ്പ് മുറിയ്ക്ക് സമീപം ഇരുത്തി. എന്നാല്‍ പുലര്‍ച്ചെ മദ്യത്തിന്റെ കെട്ടിറങ്ങിയ ഇയാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി. രക്ഷപെടാന്‍ ശ്രമിച്ച കണ്ണനെ പാറാവു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കിഷോര്‍ പിറകെ ഓടി പിടികൂടി. മല്‍പിടുത്തത്തിനിടയില്‍ കണ്ണന്‍ കിഷോറിന്റെ വലതുകൈയുടെ മോതിരവിരല്‍ കടിച്ചു മുറിച്ചെടുക്കുകയായിരുന്നു.

പിന്നീട് വിരല്‍ അറ്റുപോയ കിഷോറിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റ് വികൃതമായ വിരല്‍ തുന്നിപ്പിടിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇറച്ചി വെട്ടുകാരനായ കണ്ണന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News