യുപിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നീക്കം; മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍; എതിര്‍ത്തവര്‍ക്ക് നേരെ ഭീഷണിയും

ദില്ലി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെ നീക്കം. ബുലന്ദ്ശ്വറിലെ മുസ്ലീം പള്ളിക്ക് മുകളില്‍ ബിജെപിയുടെ കൊടി ഉയര്‍ത്താനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന വിജയാഘോഷത്തിനിടെ ചച്ഛാരി ഗ്രാമത്തിലാണ് സംഭവം.

ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കൊടികളുമായി പള്ളിക്ക് സമീപം എത്തിയത്. കുറച്ചുപേര്‍ പള്ളിയുടെ ഗേറ്റിന് മുന്‍പില്‍ നില്‍ക്കുകയും മറ്റുള്ളവര്‍ അകത്തേക്ക് കടന്ന് പള്ളിക്ക് മുകളില്‍ ബിജെപിയുടെ പതാക കെട്ടുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ്, ബിജെപി പ്രവര്‍ത്തകരെ പറഞ്ഞുവിടുകയായിരുന്നു. ഇപ്പോള്‍ തങ്ങള്‍ പോകുമെന്നും വൈകാതെ തന്നെ ഇവിടെ തിരിച്ചെത്തുമെന്നും ബിജെപി ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്.

സംഭവത്തെത്തുടര്‍ന്ന് പള്ളിക്ക് സമീപം കനത്ത പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപി പ്രാദേശിക നേതാക്കളുടെ പ്രതികരണം. സാമൂഹൃവിരുദ്ധരാണ് അതിന് പിന്നിലെന്നും നേതാക്കള്‍ വിശദീകരിച്ചു.

കഴിഞ്ഞദിവസം ബറേലി ജില്ലയിലെ മുസ്ലീങ്ങള്‍ നാടുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയുടെ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ജിയാന്‍ഗല എന്ന സ്ഥലത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ ബിജെപി എംപിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. നാടുവിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ ഭീഷണി മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News