വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് ജോയ്‌സ് ജോര്‍ജ്; പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക ഉള്‍പ്പെടുത്തണം

ദില്ലി: വാഴക്കുളത്ത് കേന്ദ്ര കൃഷിവകുപ്പിനു കീഴില്‍ പൈനാപ്പിള്‍ പാര്‍ക്ക് ആരംഭിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന്റെ കാര്‍ഷിക ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് എം.പി ഇക്കാര്യം ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.

സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സബ്‌സിഡികള്‍ നല്‍കുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം പൈനാപ്പിള്‍ കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ്. ഈ വ്യവസ്ഥിതിയ്ക്ക് മാറ്റം വരണമെന്നും പാട്ട വ്യവസ്ഥയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു. പൈനാപ്പിള്‍ കൃഷിയുടെ ഗവേഷണത്തിനും ആധുനീകവല്‍ക്കരണത്തിനും പാര്‍ക്ക് അനുവദിക്കുന്നതിലൂടെ അവസരമൊരുങ്ങുമെന്നും എം.പി ചൂണ്ടിക്കാട്ടി.

വ്യാവസായിക മേഖലകളില്‍ വന്‍കിട-ചെറുകിട വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കാര്‍ഷിക മേഖലയിലും നല്‍കണം. ധനകാര്യ സബ്‌സിഡി, വൈദ്യുതി സബ്‌സിഡി, താങ്ങുവില, കാര്‍ഷിക വായ്പ, ജലസേചന സൗകര്യങ്ങള്‍, വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവ കാര്‍ഷിക മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണെന്ന് എം.പി. പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ കാര്‍ഷിക മേഖലയ്ക്കായി നീക്കിവെച്ച വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. രാജ്യത്തെ 60 ശതമാനം ജനങ്ങളും കാര്‍ഷിക – അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ആണെന്ന് എം.പി ചൂണ്ടിക്കാട്ടി. രാജ്യം കൊടും വരള്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ ഉള്‍പ്പടെയുള്ള പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ തുക ഉള്‍പ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.

കാര്‍ഷിക മാനേജ്‌മെന്റിനും സാങ്കേതികവല്‍ക്കരണത്തിനും മുന്‍ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതിനേക്കാള്‍ നാല് ശതമാനം കുറവാണ് നടപ്പു വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും ആനുപാതികമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയ്‌സ് ജോര്‍ജ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News