സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍: അറിയേണ്ട ചില കാര്യങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും കര്‍ശന നിയമവ്യവസ്ഥകളാണ് നിലവിലുള്ളതെന്ന് പ്രമുഖ സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് ഭട്ടതിരിപ്പാട്. നവമാധ്യമങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി പ്രസ് ക്ലബും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമവ്യവസ്ഥയുടെ സംരക്ഷണം പ്രയോജനപ്പെടുത്താന്‍ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളുടെ സൈബര്‍തെളിവുകള്‍ കോടതികള്‍ക്ക് ഇപ്പോള്‍ 100 ശതമാനം സ്വീകാര്യമാണ്. സൈബര്‍ തെളിവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഒരു കുറ്റകൃത്യവും ഒരിക്കലും ആര്‍ക്കും തേയ്ച്ച്മായ്ച്ച് കളയാന്‍ കഴിയില്ല. സൈബര്‍ തെളിവുകള്‍ ഒരു കുറ്റവാളിക്കും നശിപ്പിക്കാനും കഴിയില്ല. അങ്ങനെ ശ്രമിച്ചാല്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമം ഉള്‍പ്പെടെ കണ്ടുപിടിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണും നവമാധ്യമങ്ങളും ഉപയോഗിച്ച് ആശയവിനിമയം നടത്തുമ്പോള്‍ അറിയാതെ സൈബര്‍കുറ്റകൃത്യങ്ങളില്‍ ചെന്നു വീഴുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് ഇത് ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഒരു മെസേജിലെ അസ്വീകാര്യതയും അനഭലഷണീയതയും തീരുമാനിക്കുന്നത് അത് അയച്ചയാളോ അന്വേഷണ ഉദ്യോഗസ്ഥനോ, കോടതിയോ അല്ല സന്ദേശം ലഭിച്ചയാളാണ്. അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചാല്‍ ഏഴ് വര്‍ഷം വരെയും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അസ്വീകാര്യമായ മെസേജുകള്‍ അയച്ചാല്‍ ഏഴ് വര്‍ഷംവരെയും, ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ജീവപര്യന്തവും തടവ്ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് ഫോണുകള്‍ കളിക്കാന്‍ കൊടുക്കരുത്. അതില്‍നിന്നും ആക്‌സിഡന്റല്‍ കോളുകളോ, മെസേജുകളോ മറ്റ് നമ്പരുകളിലേക്ക് പോയാല്‍ അത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മറ്റുള്ളവരുടെ പേഴ്‌സണല്‍ നമ്പരുകള്‍ മെസേജുകള്‍ വഴി ഫോര്‍വേഡ് ചെയ്യരുത്. ഫോര്‍വേഡ് സന്ദേശങ്ങളും ചിത്രങ്ങളും അപരിചിത നമ്പരുകളിലേക്ക് അയച്ചുകൊടുക്കരുത്. ഇവയെല്ലാം ശിക്ഷ ക്ഷണിച്ചുവരുത്തുന്ന കുറ്റകൃത്യങ്ങള്‍ ആണെന്ന് അദ്ദേഹം എടുത്തുകാട്ടി.

നവമാധ്യമങ്ങളിലൂടെ നടക്കുന്ന ഏത് അക്രമവും തെളിവ് സഹിതം പിടികൂടാമെന്നതിനാല്‍ ഇരകളാകപ്പെടുന്നവര്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News