തിരുവനന്തപുരം: ലോ അക്കാദമിയിലെ സദാചാരഗുണ്ടകള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുറിയില്‍ ഒളിത്താവളം. എസ്എഫ്‌ഐക്കാരെ മര്‍ദ്ദിച്ച കെഎസ്‌യു, എബിവിപി, എംഎസ്എഫ് പ്രവര്‍ത്തകരെ ഹൈബി ഈഡന്‍, എം. വിന്‍സന്റ് എന്നിവരാണ് എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ഒളിപ്പിച്ചത്. വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചതിനെതിരെ പ്രചരണം നടത്തിയതിനാണ് ഇവര്‍ എസ്എഫ്‌ഐക്കാരെ മര്‍ദ്ദിച്ചത്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ് അറസ്റ്റ് ഭയന്ന് എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ചത്. ഹൈബി ഈഡന്‍, എം. വിന്‍സന്റ് എന്നിവരുടെ മുറികളായിരുന്നു ഇവരുടെ ഒളിത്താവളം. ഏഴ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മൂന്ന് വീതം എംഎസ്എഫ്, എബിവിപി പ്രവര്‍ത്തകര്‍ക്കുമാണ് കോണ്‍ഗ്രസ്് എംഎല്‍എമാര്‍ സംരക്ഷണം നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റല്‍ കവാടം ഉപരോധിച്ചു.
തുടര്‍ന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം വി.ശിവന്‍കുട്ടിയെത്തി സ്പീക്കറുമായി സംസാരിച്ചു. പൊലീസിനെ തുടര്‍നടപടികളെടുക്കാന്‍ അനുവദിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ലോ അക്കാദമിയില്‍ വിദ്യാര്‍ഥിനിയെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രചരണം നടത്തിയതിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കെഎസ്‌യു, എംഎസ്എഫ്, എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here