തൃശൂര്‍ : തൃശൂര്‍ കേരള വര്‍മ്മ കോളേജിനു സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറും ബിജെപിയും കുതന്ത്രം മെനഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന പേരില്‍ നടത്തിയ പരിപാടിക്കിടെ സംഘര്‍ഷമുണ്ടാക്കാനായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. കരുതിക്കൂട്ടിയുള്ള അക്രമത്തിനാണ് ആര്‍എസ്എസും ബിജെപിയും എബിവിപിയെ മുന്‍നിര്‍ത്തി കളമൊരുക്കിയത്.
ഈ ആക്രമണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പസിനു മുന്നില്‍ എസ്എഫ്‌ഐക്കെതിരെ ഒപ്പുശേഖരണം എന്ന പേരില്‍ പരിപാടി ആസൂത്രണം ചെയ്തത്. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കൂട്ടായ്മ നടത്തിയത് പോലീസ് അനുമതിയില്ലാതെയാണെന്നതും ആരോപണത്തിന് ശക്തി പകരുന്നു. ഏറെക്കാലമായി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന ക്യാമ്പസ് കൂടിയാണ് തൃശൂര്‍ കേരള വര്‍മ്മ കോളജ്.
മാര്‍ച്ച് എട്ടിന് വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും കോളജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോളേജിലെ ഒരു അധ്യാപികയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെ എസ്എഫ്‌ഐ ചോദ്യം ചെയ്തു. ഈ സംഭവത്തെ വളച്ചൊടിച്ചാണ് കുപ്രചരണവുമായി സംഘപരിവാര്‍ രംഗത്ത് എത്തിയത്.
പഠിക്കാനും പഠിപ്പിക്കാനും ക്യാമ്പസില്‍ സാഹചര്യമില്ല എന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐക്കെതിരെ ആര്‍എസ്എസുകാരുടെ ഒപ്പുശേഖരണം. ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇതില്‍ പ്രകോപനപരമായ പ്രസംഗങ്ങളും ആക്ഷേപങ്ങളുമാണ് ആദ്യന്തം നിറഞ്ഞുനിന്നത്. എന്നാല്‍ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ എസ്എഫ്‌ഐ സംയമനം പാലിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി വിദ്യാര്‍ത്ഥികള്‍ കോളജ് കാമ്പസിന് പുറത്തെത്തി. ഈ സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കടന്നാക്രമിക്കാനായിരുന്നു സംഘപരിവാര്‍ ശ്രമം.
ആക്രമണത്തില്‍ നിന്ന് രക്ഷപെടാനും സംഘര്‍ഷം ഒഴിവാക്കാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് കാമ്പസിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ വിദ്യാര്‍ത്ഥികളെ മുളവടി കൊണ്ട് ആക്രമിക്കാനായിരുന്നു ആര്‍എസ്എസ് നീക്കം. സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടതോടെ കാമ്പസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ ശ്രമിച്ചു.
സംഘര്‍ഷത്തിന് ശേഷം കേരള വര്‍മ്മ കോളജ് കാമ്പസിന് പുറത്തും ആര്‍എസ്എസ് അക്രമം തുടര്‍ന്നു. വൈകിട്ടോടെ മുന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അനൂപ് മോഹനെയും കേരളവര്‍മ കോളേജ് യൂണിറ്റ് സെക്രട്ടറി അഭിഷേകിനെയും നഗരമധ്യത്തിലിട്ട് എബിവിപിക്കാര്‍ മര്‍ദിച്ചു.
മാഗസിന്‍ എഡിറ്റര്‍ അരവിന്ദ് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വീട്ടിലെത്തി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൃശൂര്‍ നഗരത്തിലെ കാമ്പസുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here