ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബിജെപിയുടെ നിയമസഭാകക്ഷി യോഗം ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും മനോജ് സിന്‍ഹയും സജീവ പരിഗണനയിലാണ്. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, വെങ്കയ നായിഡു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപിയുടെ 312 എംഎല്‍എമാര്‍ നിയമസഭാകക്ഷി യോഗം ചേരുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ആരുടെയും പേരും നിര്‍ദേശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് വയക്കുന്ന നേതാവിനെ നിയമസഭാകക്ഷി യോഗം അംഗീകരിക്കും.

തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ചായക്കടയിലെ ജോലിയും പിന്നോക്ക സാഹചര്യങ്ങളും എടുത്ത് പറഞ്ഞ് നേതാവായ മൗര്യയയെും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷപദത്തിന് പുറമേ മുഖ്യമന്ത്രി സ്ഥാനത്തേക്കും പിന്നോക്ക വിഭാഗ നേതാവിനെ പരിഗണിക്കുന്നതില്‍ ആര്‍എസ്എസ് അസംതൃപ്തരാണ്.

ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്്, മനോജ് സിന്‍ഹ എന്നിവരിലേക്ക് അവസാനവട്ട ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചു. അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ള പ്രകടന പത്രിക വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് ഇനി ബിജെപിക്ക് മുന്നിലെ വെല്ലുവിളി.

2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ജനങ്ങളുടെ പ്രീതി പിടിച്ച് നിര്‍ത്തുന്ന നേതാവിനായാണ് ബിജെപി ചര്‍ച്ചകള്‍ സജീവമായത്. വികസനവും ഹിന്ദുത്വ കാര്‍ഡും ഒരുമിച്ച് നേതൃത്വം നല്‍കുന്ന നോതാവാണ് ലക്ഷ്യം. എല്ലാ അഭിപ്രായങ്ങള്‍ക്കും ഒടുവിലും നരേന്ദ്രമോദി നിര്‍ദേശിക്കുന്ന നേതാവ് തന്നെയാകും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തുക.