കോണ്‍ഗ്രസിനെതിരായ മണിശങ്കര്‍ അയ്യരുടെ നിലപാട് തള്ളി ഒരുവിഭാഗം; ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിലേക്ക് ഓടിക്കയറി വന്നയാളെന്ന് വയലാര്‍ രവി; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടെന്ന് ടോം വടക്കന്‍

ദില്ലി : എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ മറ്റ് നേതാക്കള്‍. മണിശങ്കര്‍ അയ്യരുടെ നിലപാടുകള്‍ വയലാര്‍ രവിയും ടോം വടക്കനും തള്ളി. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കര്‍ അയ്യരെന്ന് വയലാര്‍ രവി പരിഹസിച്ചു.

കെപിസിസി അധ്യക്ഷ തലത്തിലും ഇത് ആവശ്യമില്ല. കെപിസിസി പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കരടാണ് മണിശങ്കര്‍ അയ്യരെന്ന് എഐസിസി വക്താവ് ടോം വടക്കന്‍ പ്രതികരിച്ചു. നേതൃത്വം മാറണമെന്ന് പറയാന്‍ അയ്യര്‍ക്ക് അര്‍ഹതയില്ലെന്നും ടോം വടക്കന്‍ പറഞ്ഞു.

നേതൃതലത്തില്‍ കൃത്യമായ അഴിച്ചുപണി നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു തിരിച്ചുവരവു സാധ്യമാകൂ എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രതികരണം. ബൂത്തുതലം മുതല്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുവരെ തിരഞ്ഞെടുപ്പു നടത്തണം. ഇടതു പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി വിശാലമായ മഴവില്‍സഖ്യം രൂപീകരിക്കണമെന്നുമാണ് മണിശങ്കര്‍ അയ്യര്‍ നിലപാടെടുത്തത്.

വിശാല സഖ്യത്തിന് മാത്രമേ നരേന്ദ്ര മോദിയുടെ മുന്നേറ്റത്തിനു തടയിടാന്‍ സാധിക്കൂ. ഓരോ പരാജയത്തിനുശേഷവും അതേക്കുറിച്ചു പഠിക്കാന്‍ കമ്മറ്റികള്‍ നിയോഗിക്കുന്ന പതിവു രീതി ഉപേക്ഷിക്കണം. കൃത്യമായ നടപടികള്‍ക്കു നേതൃത്വം തയാറാകണമെന്നും മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടിരുന്നു.

ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്കുവരെ തിരഞ്ഞെടുപ്പു നടത്തണം. നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണം. നെഹ്‌റു – ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ളവര്‍ കോണ്‍ഗ്രസിനെ നേരത്തെയും നയിച്ചിട്ടുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മണിശങ്കര്‍ അയ്യര്‍ തുറന്നടിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like