ആര്‍എസ്എസ് വിലക്ക് തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി; സീതാറാം യെച്ചൂരി നാഗ്പൂര്‍ സര്‍വകലാശാലയിലെത്തും; ദേശീയ സെമിനാറില്‍ മാറ്റമില്ലെന്ന് അംബേദ്കര്‍ ചെയര്‍

ദില്ലി : നാഗ്പൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ് വിലക്ക് തള്ളി സിപിഐഎം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാഗ്പൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ അംബേദ്കര്‍ കോളജിലെത്തും. ആര്‍എസ്എസ് ഭീഷണിയെത്തുടര്‍ന്ന് സര്‍വകലാശാല ഉപേക്ഷിച്ച സെമിനാറാണ് സര്‍വകലാശാലയ്ക്ക് കീഴിലെ അംബേദ്കര്‍ ചെയര്‍ ഏറ്റെടുത്തത്.

അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷാഭൂമിക്ക് സമീപമുള്ള അംബേദ്കര്‍ കോളേജിലാണ് ദേശീയ സെമിനാര്‍. ആര്‍എസ്എസിന്റെ വിലക്കും ഭീഷണിയും അവഗണിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാഗ്പൂരിലെത്തും. പരിപാടിയില്‍ മാറ്റമില്ലെന്ന് സെമിനാറിന്റെ സംഘാടകരായ സര്‍വകലാശാലയിലെ അംബേദ്കര്‍ ചെയറിന്റെ തലവന്‍ പ്രദീപ് അഗളാവെ അറിയിച്ചു.

സര്‍വകലാശാല അനുമതി നല്‍കാത്ത സാഹചര്യത്തില്‍ അംബേദ്കര്‍ കോളേജില്‍ സെമിനാര്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം. മുന്‍ നിശ്ചയിച്ച പ്രകാരം നാഗ്പുരിലേക്ക് പോകുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശോഷണം: വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തിലാണ് ദേശീയ സെമിനാര്‍ തീരുമാനിച്ചത്.

സീതാറാം യെച്ചൂരി മുഖ്യാതിഥിയായാണ് ദേശീയ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് അംബേദ്കര്‍ ചെയര്‍ ദേശീയ സെമിനാര്‍ നടത്തുന്നത്. യെച്ചൂരിക്ക് പുറമെ എഴുത്തുകാരനും ചിന്തകനുമായ എസ്എന്‍ ബുസി അടക്കമുള്ളവരും ക്ഷണിതാക്കളാണ്.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സെമിനാര്‍ ഉപേക്ഷിക്കാന്‍ നാഗ്പുര്‍ സര്‍വകലാശാല തീരുമാനമെടുത്തു. സെമിനാര്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുന്നതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ്പി കാനെ അറിയിച്ചു. ചില തീവ്ര വലതുസംഘടനകളില്‍നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിസിയുടെ വിശദീകരണം.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലംകൂടിയാണ് നാഗ്പുര്‍. സിപിഐഎം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. നേരത്തെ ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്കെതിരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

പിന്നീട് മംഗളൂരുവില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി തടസപ്പെടുത്താനും സംഘപരിവാര്‍ ശ്രമിച്ചു. ഹൈദരാബാദില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കുന്ന പൊതുപരിപാടിക്ക് നേരെയും സംഘപരിവാര്‍ ഭീഷണിയുണ്ട്. സെമിനാര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി നിതിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം വിസിയെ കണ്ട് ചര്‍ച്ച നടത്തി. ഐഎന്‍ടിയുസി നേതാവ് തൃശരണ്‍ സഹാരെ, സാഹിത്യകാരന്‍ യശ്വന്ത് മനോഹര്‍ എന്നിവരാണ് വിസിയെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News