സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി; നാടിന്റെ വികസനത്തിന് വേണ്ടത് സമാധാനം; പൊതു ആവശ്യങ്ങളില്‍ യോജിപ്പ് വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

താനൂര്‍ : നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് സമാധാനം വേണം. അത് പൊലീസിന് മാത്രമല്ല, എല്ലാവര്‍ക്കും തോന്നേണ്ടതുമാണ്. താനൂരില്‍ അടുത്ത ദിവസം മന്ത്രി കെടി ജലീല്‍ പങ്കെടുത്ത് സമാധാനയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂരില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ പൊതു ആവശ്യങ്ങളില്‍ യോജിപ്പുവേണം. സംസ്ഥാനമാകെ നേരിടുന്ന ഒരു വിഷയമാണ് റേഷന്‍ ലഭ്യതക്കുറവ്. ആവശ്യത്തിന് റേഷന്‍ വിതരണം ചെയ്യാനാകുന്നില്ല. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. റേഷന്‍ വിതരണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ മാത്രം ആവശ്യമല്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ ആളുകള്‍ കേരളത്തിലുമുണ്ടല്ലോ. എല്ലാവരെയും പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ സമയമില്ലെന്നാണ് മറുപടി ലഭിച്ചത്. മറ്റൊരുദിവസം കാണാമെന്നുപോലും പറഞ്ഞില്ല. എത്ര അപമാനകരമാണ് ഈ സമീപനം. ഒരു സംസ്ഥാനത്തോട് സ്വീകരിക്കേണ്ട നയമാണോ ഇത്. – പിണറായി ചോദിച്ചു.

ആര്‍എസ്എസിനും ബിജെപിക്കും മുന്നില്‍ കോണ്‍ഗ്രസിന് മുട്ടുവിറയ്ക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തിടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗോവയിലും മണിപ്പുരിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ അവര്‍ക്കായില്ല. ഗോവയില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് കണ്ടുവച്ചയാള്‍തന്നെ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ച് ബിജെപിയില്‍ ചേരുന്നു. എന്തൊരു ഗതികേടാണ് കോണ്‍ഗ്രസിന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യം അട്ടിമറിക്കുന്ന സമീപനം ബിജെപിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുമ്പോഴും ശക്തമായ അഭിപ്രായം പറയാന്‍പോലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കേരളത്തിലും പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ്ബിജെപി സഖ്യമുണ്ട്. സിപിഐ എമ്മിനെ എതിര്‍ക്കുകയാണ് അവരുടെ നയമെന്നും പിണറായി വ്യക്തമാക്കി.

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ബിജെപി ശ്രമം. അതിന് അവര്‍ കലാപങ്ങള്‍ അഴിച്ചുവിടുന്നു. അതിന് ഇരയാകുന്നത് ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതുപക്ഷ പ്രസ്ഥാനം മുന്നിട്ടിറങ്ങുന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയതയ്‌ക്കെതിരായി എല്ലാവരും ഒന്നിക്കണമെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here