കുറ്റവാളികളെ ചോദ്യം ചെയ്യാന്‍ ഇനി ഇടി മുറിയില്ല; പകരം സജ്ജീകരിച്ചത് ഇ- മുറി; ആധുനിക രീതിയില്‍ ചോദ്യം ചെയ്യാന്‍ സംവിധാനവുമായി സംസ്ഥാന പൊലീസ്

തിരുവനന്തപുരം : കുറ്റവാളികളെ ചോദ്യം ചെയ്യാന്‍ അത്യധുനിക സംവിധാനങ്ങളുള്ള ഇന്ററോഗേഷന്‍ മുറിയുമായി സംസ്ഥാന പൊലീസ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, യുഎപിഎ, കൊലപാതകങ്ങള്‍ തുടങ്ങിയ പ്രധാന കേസുകളിലെ കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനാണ് ഇ മുറി ഒരുക്കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് കേരളത്തിലെ ആദ്യത്തെ മോഡേണ്‍ ഇന്ററോഗേഷന്‍ റൂം ക്രമീകരിച്ചത്.

രൂപവും ഭാവവുമൊക്ക മാറ്റി മുഖം മിനുക്കി മോഡേണായി തന്നെ കേസന്വേഷണത്തെ സമീപിക്കുന്ന പൊലീസിനെയാണ് സംസ്ഥാനത്ത് ഇനി കാണുക. ഇതിന്റെ ആദ്യപടിയായാണ് ഇടിമുറിയിലെ ചോദ്യം ചെയ്യലിന് പൊലീസ് വിരാമമിടുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന ചോദ്യം ചെയ്യല്‍ മുറി സംസ്ഥാന പൊലീസ് തുറന്നു.

മോഡേണ്‍ ഇന്ററോഗേഷന്‍ റൂം എന്ന് നാമകരണം ചെയ്തിരിക്കുന്ന മുറി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ കെട്ടിടത്തിലാണ് സജ്ജമായത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍വ്വഹിച്ചു. കേരളത്തില്‍ എവിടെയിരുന്നും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് ഒറ്റ ലോക്കപ്പായി തന്നെ കുറ്റവാളികളെ ചോദ്യം ചെയ്യുന്ന സംവിധാനത്തിന് ഉടന്‍ തുടക്കം കുറിക്കുമെന്ന് DGP വ്യക്തമാക്കി.

ഒബ്‌സര്‍വര്‍, കവേര്‍ട്ട് ഓഡിയോ സിസ്റ്റം, കവേര്‍ട്ട് വീഡിയോ ഗ്രാഫിക് സിസ്റ്റം എന്നിവയുള്‍പ്പെടുന്നതാണ് ഇഇന്ററോഗേഷന്‍ റൂം. കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് മറ്റ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് ക്യാമറാ മോണിറ്ററിംഗ് സംവിധാനമുള്ള വേറൊരു മുറിയിലിരുന്ന് നിരീക്ഷിക്കാനും കുറ്റവാളി അറിയാതെ തന്നെ ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും റൂമില്‍ സംവിധാനമുണ്ട്.

ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ കുറ്റവാളിക്കുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ മറ്റ് മാനറിസം എന്നിവയൊക്കെ അപ്പപ്പോള്‍ രഹസ്യമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വഴി കണ്‍ട്രോള്‍ റൂമില്‍ റെക്കോര്‍ഡ് ചെയ്യും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഇന്ററോഗേഷന്‍ റൂമുകള്‍ സജ്ജമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here