ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കേസ്; ഉത്തരവിനെതിരെ മനോജ് എബ്രഹാം ഹൈക്കോടതിയിലേക്ക്

കൊച്ചി : ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പത്തനംതിട്ട സ്വദേശി പിപി ചന്ദ്രശേഖരന്‍ നായരുടെ പരാതിയിലാണ് ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 61 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയില്‍ കൊച്ചിയിലെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ത്വരിതാന്വേഷണം നടത്തിയിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നായിരുന്നു ത്വരിതാന്വേഷണത്തിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മൂന്നു മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
അതേസമയം, ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മനോജ് എബ്രഹാം തീരുമാനിച്ചു. വസ്തുഇടപാടിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നതായും ഇന്‍കം ടാക്‌സ് രേഖകള്‍ സമര്‍പ്പിച്ചിരുന്നതാണെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. ബാധ്യത കണക്കു കൂട്ടുന്നതില്‍ വിജിലന്‍സ് കോടതിക്ക് പിഴവ് സംഭവിച്ചതായി നിയമവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News