അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കലൂര്‍ സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍; മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉടന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍. മെയ് 31നകം പരിശീലന ഗ്രൗണ്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദികളിലൊന്നായ കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണ പുരോഗതി അവലോകനം ചെയ്യാനായിരുന്നു ജിസിഡിഎ ഒഫീസില്‍ യോഗം ചേര്‍ന്നത്. നിശ്ചിത സമയത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തില്‍ ഭരണ പരമായ തടസങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ സര്‍ക്കാരിനില്ലെന്നും എസി മൊയ്തീന്‍ വ്യക്തമാക്കി.

നിര്‍മാണങ്ങളുടെ പുരോഗതി വിലയിരുത്താന്‍ രണ്ടാഴ്ചക്കിടെ യോഗം ചേരണം. പരിശീലന ഗ്രൗണ്ടുകളിലെ വെള്ള പ്രശ്‌നത്തിന് പരിഹാരം കാണണം. ഇക്കാര്യങ്ങള്‍ക്കായി ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനനെ യോഗം ചുമതലപ്പെടുത്തി. കലൂര്‍ സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും അന്തിമ പരിശോധനക്കായി ഫിഫയുടെ വിദഗ്ധ സംഘം ഈ മാസം 24ന് കൊച്ചിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News