ജനങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാനുള്ള ഭയം ഇല്ലാതാകണമെന്ന് മന്ത്രി ജി. സുധാകരന്‍; പൊലീസിനെ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കും

ആലപ്പുഴ: പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കുപോകാന്‍ ജനങ്ങളില്‍ ഇപ്പോഴും ഭയം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസിനെ കൂടുതല്‍ ജനകീയമാക്കി ഈ ഭയം ഇല്ലാതാക്കണമെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്കു പോകുമ്പോള്‍ ജനപ്രതിനിധികളുടെ സഹായം ഇപ്പോഴും തേടുന്നുണ്ട്. ജനങ്ങളുടെ മനസില്‍ പൊലീസിനെപ്പറ്റി നവീനമായൊരു സങ്കല്‍പം ഉണ്ടായിട്ടില്ല. ഭരണകൂടം എപ്പോഴും ക്രൗര്യം നിറഞ്ഞതാണെന്നും അടിച്ചമര്‍ത്തലാണ് പണിയെന്നും അതിനുള്ള ഉപകരണമാണ് പൊലീസെന്നും ചിന്തയുണ്ട്. ഇത് മാറണം. പൊലീസ് ഇടപെടല്‍ ജനകീയവും മാനവികവുമാകണം. പൊലീസ് സ്‌റ്റേഷനില്‍ എടാ, എടീ, പോടീ, പോടാ വിളി വേണ്ട. ചീത്ത പറയുന്നതും ഭീഷണിയും പാടില്ല. പണ്ട് ഇതൊക്കെ ചെയ്തിരുന്നു. ചിലരൊക്കെ ഇപ്പോഴും ചെയ്യുന്നു. ഇത് അവസാനിക്കണം. പൊലീസില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ജനമൈത്രി കേരള ഹൃദയം കീഴടക്കുമെന്നും അദേഹം പറഞ്ഞു.

ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രവ്യത്യാസമനുസരിച്ച് പൊലീസ് നയത്തില്‍ വ്യത്യാസം വരാറുണ്ട്. തൊഴില്‍ തര്‍ക്കത്തില്‍ പൊലീസ് ഇടപെടേണ്ടതില്ലെന്ന് ഉത്തരവിറക്കിയത് ഇ.എം.എസ്. സര്‍ക്കാരാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് പണ്ട് ആരോ എഴുതിവച്ചിട്ടുണ്ട്. അത് ശരിയല്ല മാറ്റപ്പെടണം. ഒരു കുറ്റവാളി പോലും രക്ഷപ്പെടാന്‍ പാടില്ല. നിരപരാധി ശിക്ഷിക്കപ്പെടരുത്. പോസ്റ്റര്‍ പോസ്റ്ററിനുവേണ്ടി എന്ന രീതിയില്‍ അച്ചടിച്ച് കാണുന്നിടത്തെല്ലാം ഒട്ടിക്കുന്ന രീതിയുണ്ട്. കോളജുകളുടെ ഭിത്തിയിലൊക്കെ ഒട്ടിച്ചുവയ്ക്കുന്നു. പ്രൊഫഷണല്‍ കോളജുകളുടെ ഭിത്തിയിലൊക്കെ പോസ്റ്റര്‍ ഒട്ടിച്ചിട്ട് എന്തുകാര്യം. പോസ്റ്റര്‍ ഒട്ടിക്കാന്‍ ചൈനയിലേതു പോലെ പ്രത്യേക സ്ഥലം വേണം. ഔചിത്യവും അനൗചിത്യവും തിരിച്ചറിയണം. എറണാകുളത്ത് ഒരു കുറ്റവാളി സി.ജെ.എം. കോടതിയുടെ പ്രതിക്കൂട്ടില്‍ കയറി നിന്നു. പ്രതിക്കൂട്ടില്‍ കയറിനിന്നാല്‍ രക്ഷപ്പെടാമെന്ന് എതോ വക്കീലാണ് ഉപദേശിച്ചത്. പൊലീസ് അവിടെനിന്ന് പ്രതിയെ പിടിച്ചു. സംസ്ഥാനത്തെ 99 ശതമാനം പേരും ഇതു ശരിയാണെന്ന നിലയില്‍ അനുകൂലിച്ചു. ഇത് ശരിയായില്ലെന്നാണ് ചിലര്‍ പറയുന്നത്. വക്കീലായതു കൊണ്ട് നിയമത്തിനു മുകളിലാണെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. ജഡ്ജി ഉള്ളപ്പോഴേ അതു കോടതിയാവൂ. ജഡ്ജി പറയാതെ ആര്‍ക്കും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാനാവില്ല. അക്രമം നടത്തിയിട്ട് ഓടിക്കയറി നില്‍ക്കാനുള്ളതല്ല കോടതിയിലെ പ്രതിക്കൂട്. മോഷണം നടത്തിയിട്ട് കള്ളന്മാരെല്ലാം പ്രതിക്കൂട്ടില്‍കയറി രക്ഷപ്പെടാമെന്ന് വിചാരിച്ചാലോ. വക്കീലിന്റെ വേഷമിട്ട് ആള്‍മാറാട്ടം നടത്തി മതില്‍ ചാടിക്കടന്ന് എത്തിയതിന് പൊലീസ് പ്രത്യേക കേസെടുക്കണം. കോടതിയില്‍ നിന്ന് പൊലീസ് കെട്ടിപ്പിടിച്ച് പ്രതിയെ പിടിക്കണമെന്നാണ് ചിലര്‍ പറയുന്നത്. കുറ്റവാളികളെ രക്ഷിക്കാനും ഉന്നതന്‍മാരുണ്ടെന്നും മന്ത്രി പറഞ്ഞു.
മറൈന്‍ ഡ്രൈവില്‍ ചുംബിക്കുന്നവരെ തല്ലാന്‍ ശിവസേനക്കാര്‍ ആരാണെന്നും മന്ത്രി ചോദിച്ചു. അവരെ ആദ്യംതന്നെ അറസ്റ്റ് ചെയ്യണമായിരുന്നു. സ്ത്രീകള്‍ക്ക് രാപകല്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യംവേണം. സിനിമാ നടന് അമ്പതോ നൂറോ കോടി രൂപ കിട്ടിയിട്ട് സമൂഹത്തിന് എന്ത് കാര്യം. അത് സര്‍ക്കാരിന് കിട്ടുന്നില്ലല്ലോ. സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നില്ല. സൂര്യനേക്കാള്‍ വലിയ നക്ഷത്രങ്ങളുണ്ടാവാം. നമ്മള്‍ സൂര്യനെ മാത്രം കാണുന്നു എന്നതുകൊണ്ട് അത് സൂപ്പര്‍ സ്റ്റാര്‍ ആകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഐ.ജി: പി വിജയന്‍ ആധ്യക്ഷ്യം വഹിച്ചു. ജനമൈത്രി പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്‍, എ.എസ്. കവിത, ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ഡി.വൈ.എസ്.പി. എം.ഇ. ഷാജഹാന്‍, അഡ്വ. ശിവന്‍ മഠത്തില്‍, പൊലീസ് അസോസിയേഷന്‍ പ്രതിനിധികളായ ജയകൃഷ്ണന്‍, വിവേക്, ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എ. വര്‍ഗീസ് ക്ലാസെടുത്തു.

സെമിനാറില്‍ അഡ്വ. ശിവന്‍ മഠത്തില്‍ മോഡറേറ്ററായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ സി.വി. ലുമുംബ, ജീജ, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, അഡ്വ. വേണുഗോപാലപണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News