തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ അര്‍ധരാത്രിയില്‍ അകാരണമായി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. പരുക്കേറ്റ മൂന്ന് ഭിന്നലിംഗക്കാര്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഈസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് മര്‍ദ്ദനത്തിന് ഇരയായവര്‍ പറഞ്ഞു.
രാഗ രഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് വച്ച് ഇന്നലെ രാത്രി മര്‍ദ്ദനമേറ്റത്. ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം ബസ് സ്റ്റാന്‍ഡിലെത്തിയ തങ്ങളെ പട്രോളിംഗിനെത്തിയ പൊലീസ് സംഘം അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ് കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിയ മൂവരെയും അപമാനിച്ച് പുറത്തിറക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ചികിത്സ നടത്താന്‍ ആവില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
തുടര്‍ന്ന് ശീതള്‍ ശ്യാം അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ഇവര്‍ക്ക് ചികിത്സ ലഭ്യമായത്. അകാരണമായി മര്‍ദ്ദനം നടത്തിയ തൃശൂര്‍ ഈസ്റ്റ് പൊലീസിനെതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here