ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച അവലോകനയോഗത്തിലാണ് അദ്ദേഹം പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. എംഎല്‍എമാരും തദ്ദേശഭരണസ്ഥാപന അധികൃതരും ഉള്‍പ്പെട്ട യോഗം കൈയ്യടിയോടെ ആവശ്യം അംഗീകരിച്ചു.

കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ ഗുണനിലവാരമുള്ളതാണോയെന്ന് പരിശോധിക്കണം. തകഴിയില്‍ പൈപ്പ് പൊട്ടി റോഡും പ്രദേശവും വലിയ ഗര്‍ത്തമായി മാറി. പലയിടത്തും പൈപ്പ് പൊട്ടുകയാണ്. പുതിയ പൈപ്പാണിത്. കുറഞ്ഞനിലവാരമുള്ളതാണിത്. പദ്ധതി ആരംഭിച്ചിട്ട് പത്തുവര്‍ഷത്തോളമായി. 2011ല്‍ തെരഞ്ഞെടുപ്പിനു മുമ്പേ പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് ഒമ്പതു വര്‍ഷം കഴിഞ്ഞാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്. മികച്ച ഗുണനിലവാരത്തോടെ നിര്‍മിച്ച പ്ലാന്റിന്റെ പേരില്‍ പലരും കരാറുകാരനെ ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങിയത് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പൈപ്പിടലില്‍ കടുത്ത അഴിമതിയാണ് നടന്നത്. കരാര്‍ പിടിച്ചയാള്‍ സബ് കരാര്‍ നല്‍കിയാണ് പൈപ്പ് സ്ഥാപിച്ചത്. നല്ല പൈപ്പ് കിട്ടാതിരിന്നിട്ടാണോ മോശം പൈപ്പ് ഉപയോഗിച്ചത്. പഴയത് മാത്രമല്ല ഇപ്പോഴിടുന്നതും പൊട്ടുന്ന അവസ്ഥയാണെന്നും ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പിന്റെ വ്യവസ്ഥകളില്‍ സമൂലമായ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപിച്ച പുതിയ പൈപ്പ് പൊട്ടുന്നതിനെക്കുറിച്ച് സര്‍ക്കാരിന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കണം. എട്ടു വര്‍ഷം മുന്‍പ് പണിത പ്ലാന്റ് ഇത്രയും നാള്‍ വെറുതെ കിടക്കുകയായിരുന്നു. അടുത്തിടെയാണ് അതിലൂടെ വെള്ളം നല്‍കാന്‍ തുടങ്ങിയത്. അതോടെ പഴയതും പുതിയതുമായ പൈപ്പുകള്‍ പൊട്ടാനും തുടങ്ങി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത 69 കോടി രൂപ മുടക്കി പുനര്‍നിര്‍മിക്കുകയാണ്. പൈപ്പ് റോഡിനു നടുവിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിവച്ച് റോഡ് നിര്‍മിച്ചാലും പൈപ്പ് പൊട്ടി തകരുമോയെന്നാണ് ആശങ്ക. വരള്‍ച്ചയുമായി ബന്ധപ്പെട്ട് 27 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News