മോശം പെരുമാറ്റം: ഖേദം പ്രകടിപ്പിച്ച് ടോവിനോ

കൊച്ചി: ആരാധകനോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന്‍ ടോവിനോ തോമസ്. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണെന്നും അത് ജാഡയോ അഹങ്കാരമോ കൊണ്ടായിരുന്നില്ലെന്നും ടോവിനോ പറഞ്ഞു. അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ടോവിനോ ഫേസ്ബുക്കിലൂടെ പറഞ്ഞു.

 
‘പ്രിയപെട്ടവരെ,

നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്.

പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു.

വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല. അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News