‘അങ്കമാലി’ ടീമിന് നേരെ പൊലീസിന്റെ സദാചാരപൊലീസിംഗ്; ‘വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന്’ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ ചോദ്യം

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ ‘അങ്കമാലി ഡയറീസ്’ ടീമിന് നേരെ മൂവാറ്റുപുഴ പൊലീസിന്റെ സദാചാരപൊലീസിംഗ്. സിനിമയുടെ പ്രചാരണത്തിനായി മൂവാറ്റുപുഴ ഭാഗത്തേക്ക് പോയസംഘത്തിന് നേരെയാണ് ദുരനുഭവം. ഫേസ്ബുക്ക് വീഡിയോയിലൂടെ ലിജോയുടെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലിജോ പറയുന്നത് ഇങ്ങനെ: ‘മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നില്‍ തടസം സൃഷ്ടിച്ച് നിര്‍ത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു.’

‘മൂവാറ്റുപുഴ ഡിവൈഎസ്പി ആണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഞാനിപ്പോള്‍ നാട്ടിലില്ല. സംരക്ഷണം തരേണ്ടവര്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെയാണ് ഈ നാട്ടില്‍ ക്രമസമാധാനപാലനം നടക്കുകയെന്ന് എനിക്കറിയില്ല. വളരെ മോശമാണിത്. സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നില്‍ അവര്‍ക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിര്‍ത്തിയത്. വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് പൊലീസ് ചോദിച്ചത്.’ -ലിജോ വീഡിയോയില്‍ പറയുന്നു.

സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു ക്ലാംബ് രാജനെ അവതരിപ്പിച്ച നടന്‍ ടിറ്റോ വില്‍സണോട് പേര് ‘പള്‍സര്‍ ടിറ്റോ’ എന്നാക്കണോ എന്ന് പൊലീസ് ചോദിച്ചെന്നും ലിജോ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here