തിരുവനന്തപുരം: കേരളത്തിലെ പ്രവര്‍ത്തകരെ ഞെക്കി പിഴിയാന്‍ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം. ആര്‍എസ്എസിന്റെ വന്‍ പിരിവിന് തൊട്ട് പിന്നാലെയാണ് ബിജെപിയും വന്‍പിരിവിനായി രംഗത്തിറങ്ങുന്നത്. 125 കോടിയുടെ വന്‍ ഫണ്ട് കളക്ഷനാണ് ബിജെപി ലക്ഷ്യമിടുന്നത്. ജില്ലകള്‍ക്ക് ക്വാട്ട ഒരു കോടി, നിയോജക മണ്ഡലങ്ങള്‍ക്ക് 10 ലക്ഷം, പഞ്ചായത്ത് കമ്മറ്റികള്‍ക്ക് അഞ്ച് ലക്ഷം, ബൂത്ത് കമ്മറ്റികള്‍ പിരിക്കേണ്ടത് 20000 രൂപ.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിക്കുന്ന തീരുമാനമാണ് കഴിഞ്ഞ ബിജെപി കോര്‍കമ്മിറ്റി യോഗം എടുത്തത്. 125 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം പിരിച്ചെടുക്കാനാണ് കേരളാ ബിജെപി സംസ്ഥാന ഘടകം ഒരുങ്ങുന്നത്. സംസ്ഥാനത്ത് ബിജെപി രൂപം കൊണ്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്ര വലിയൊരു സംഖ്യ പിരിക്കാന്‍ ലക്ഷ്യമിടുന്നത്.
പതിനാല് ജില്ലാ കമ്മിറ്റികള്‍ 14 കോടി രൂപയാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കമ്മറ്റികള്‍ പിരിക്കുന്നത് കൂടാതെ 140 നിയോജക മണ്ഡലം കമ്മറ്റികള്‍ പതിനാല് കോടി രൂപ വേറെ പിരിക്കണം. 941 പഞ്ചായത്ത് കമ്മറ്റികള്‍ക്ക് അഞ്ച് ലക്ഷം വീതം 47 കോടി. 14000 ബൂത്ത് കമ്മറ്റികള്‍ പിരിക്കേണ്ടത് 20000 രൂപ വീതം 28 കോടി രൂപ. ഇത് കൂടാതെ സംസ്ഥാന ഭാരവാഹികള്‍ സ്വന്തം കഴിവ് ഉപയോഗിച്ച് തുക സ്വരൂപിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് വേണം പിരിവിന് ഇറങ്ങാന്‍ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പിരിവ് മഹാമഹത്തിനാണ് കേന്ദ്ര നേതൃത്യം ലക്ഷ്യമിടുന്നത്. ബിജെപി സ്വന്തമായി അധികാരം ഭരണം ഉളള സംസ്ഥാനങ്ങള്‍ക്ക് പോലും നല്‍കാത്ത ക്വാട്ടയാണ് കേരളത്തിന് നല്‍കിയത് എന്ന പരാതി ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്ക് ഉണ്ട്.
കണ്ണൂര്‍ പീഡിത സഹായ നിധി എന്ന പേരില്‍ സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെ ഞെക്കി പിഴിഞ്ഞ് കോടികള്‍ ആര്‍എസ്എസ് പിരിച്ചെടുത്തിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. അതിനിടയില്‍ വീണ്ടും ഒരു പിരിവ് അസാധ്യമെന്ന് ചില നേതാക്കള്‍ തടസവാദം ഉന്നയിച്ചെങ്കിലും വിലപോയില്ല.
കനത്ത ക്വാട്ട തീരുമാനിച്ചതോടെ താഴെ തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളായ സിപിഐഎം, കോണ്‍ഗ്രസ് എന്നീവര്‍ പോലും ഇത്ര തുക ടാര്‍ജറ്റ് ഇട്ട് നീങ്ങിയിട്ടില്ല. സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവന്‍ പുതുക്കി പണിയുന്നതിന് വീണ്ടും കോടികള്‍ പിരിക്കേണ്ടതായി വരും. പത്ത് നില മന്ദിരം ആണ് പണിയുന്നതിനായി ഉദേശിക്കുന്നത്. ഇതിന് വീണ്ടും പിരിവ് വേണ്ടി വരുമെന്നത് ബിജെപി പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു.
ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇത്ര വലിയ തുക കണ്ടെത്തുക എന്നത് അസാധ്യം എന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ മിസ്ഡ് കോള്‍ അംഗ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ക്വാട്ട കുറവാണെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here