കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി; നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി. നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം. ഐ ഗ്രൂപ്പുമായി ധാരണ ഉണ്ടാക്കിയ ജില്ലകളില്‍ എ ഗ്രൂപ്പ് കെഎസ്‌യു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ നാമനിര്‍ദ്ദേശക പത്രിക നല്‍കി. ഇതോടെ കെഎസ്‌യു തെരഞ്ഞെടുപ്പ് ഗ്രൂപ്പുകളുടെ യുദ്ധത്തിനും, എ ഗ്രൂപ്പിലെ അന്തഛിദ്രത്തിനും കാരണമാകും.

രാത്രി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ഉണ്ടായിരുന്നു. ഗ്രൂപ്പ് യോഗത്തില്‍ സ്ഥാനങ്ങള്‍ പങ്കിടാന്‍ തീരുമാനിച്ച നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ആണ് യോഗത്തില്‍ ഉണ്ടായത്. കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യം വെച്ച് ഐ ഗ്രൂപ്പുമായി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടതില്ലെന്ന് എ ഗ്രൂപ്പ് ഉന്നതര്‍ തീരുമാനിച്ചിരുന്നു.

അടുത്ത് തന്നെ നടക്കുന്ന കെഎസ്‌യു തെരഞ്ഞെടുപ്പില്‍ ചില ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കൊപ്പം കെഎസ്‌യു വൈസ് പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് നല്‍കാന്‍ ഉന്നതര്‍ തമ്മില്‍ ധാരണ എടുത്തിരുന്നു. കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളും കെഎസ്‌യു വൈസ് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കാനും ആണ് എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് യോഗത്തില്‍ ഉണ്ടായത്.

ഈ ജില്ലകളില്‍ അടക്കം ഐ ഗ്രൂപ്പുമായി ധാരണ എടുത്ത എല്ലാ സ്ഥാനങ്ങളിലേക്കും മത്സരിക്കാന്‍ ആണ് എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ തീരുമാനം. കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിജിത്തിനെ അംഗീകരിക്കുന്ന പ്രശ്‌നം ഇല്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സെക്രട്ടറി ജെഎസ് അഖിലിനെ വെട്ടിനിരത്തിയാണ് അഭിജിത്ത് നേതൃത്വത്തിലേക്ക് വരുന്നത്. ഇതില്‍ മുന്‍ കെഎസ്‌യു പ്രസിഡന്റ് വിഎസ് ജോയി അടക്കമുളളവര്‍ക്ക് കടുത്ത അതൃപ്തി ആണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തങ്ങളുമായി പങ്കിട്ട ജില്ലകളിലും ഏക വൈസ് പ്രസിഡന്റ് സ്ഥാനത്തിലേക്കും നോമിനേഷന്‍ നല്‍കാനുളള എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ തീരുമാനത്തെ കരുതലോടെയാണ് ഐ ഗ്രൂപ്പും വീക്ഷിക്കുന്നത്. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചേക്കും എന്ന വാദം ബലപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News