ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയത്തില്‍ തീരുമാനമെടുത്തിട്ടില്ല; കൂടിയാലോചനകളില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുക്കില്ല; മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് ഇറക്കിയ അണ്‍ ഒഫീഷ്യല്‍ നോട്ടിന്റെ ഭാഗമായുള്ള ധനവകുപ്പിന്റെ നിര്‍ദേശം മാത്രമാണ് ചില മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി.

അധ്യാപകരും പൊതുവിദ്യാഭ്യാസ മേഖലയെ സ്‌നേഹിക്കുന്നവരുമായും കൂടിയാലോചനകളില്ലാതെ ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുക്കില്ല. മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച സ്‌കൂളുകളിലേയും ബാച്ചുകളിലേയും അധ്യാപകരുടെ നിയമനകാര്യത്തില്‍ ഒരു തീരുമാനവും മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അധ്യാപകപക്ഷ നിലപാട് സ്വീകരിച്ച് പ്രസ്തുത സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഗസ്റ്റ് വേതനം നല്‍കാന്‍ ഉത്തരവിറക്കി. ബജറ്റില്‍ തസ്തിക സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കി. തസ്തിക നിര്‍ണയം സംബന്ധിച്ച് ധനവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ടതുണ്ട്.

അതിന്റെ ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ അധ്യാപകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് അധ്യാപക തസ്തികാ നിര്‍ണയം നടത്തും. ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അധ്യാപകരില്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമാണ്.

ചരിത്രത്തിലാദ്യമായി 7000കോടിയിലേറെ തുകയാണ് സര്‍ക്കാര്‍ ബജറ്റില്‍ വിദ്യാഭ്യാസ വകുപ്പിനായി മാറ്റിവെച്ചത്. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ധീരമായ നേതൃത്വം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അധ്യാപക സമൂഹത്തിനോ വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ആശങ്ക ഉണ്ടാക്കുന്ന ഒരു തീരുമാനവും സ്വീകരിക്കില്ലെന്നും മന്ത്രി രവീന്ദ്രനാഥ് പ്രസ്താവനയില്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസവും ഹയര്‍സെക്കന്ററിയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയും തമ്മില്‍ ലയിപ്പിക്കുമെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും വസ്തുതാവിരുദ്ധമാണ്. ഇതു സംബന്ധിച്ച് യാതൊരു വിധ ചര്‍ച്ചകളും ഒരു തലത്തിലും ഇതുവരെ നടന്നിട്ടില്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here