ബിജെപിയുടെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കോടിയേരി; കോലീബി സഖ്യം പൊടിതട്ടിയെടുക്കുന്നുവെന്ന് വിഎസ്

തിരുവനന്തപുരം : ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ലീഗ് – ബിജെപി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ മോഡല്‍ ഭരണക്രമായ പ്രസിഡന്‍്ഷ്യല്‍ രീതി കൊണ്ടു വരാന്‍ ആണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ് രാഷ്ട്രീയ കുതിര കച്ചവടത്തിന് ശ്രമിക്കുന്നു. ഗോവയും, മണിപ്പൂരിലും ജനവിധി അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. – കോടിയേരി പറഞ്ഞു.

ഉപ്പു ചാക്ക് വെള്ളത്തില്‍ മുക്കിയ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഓരോ ദിവസവും ഒരോ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിന് തലയില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണ്. സിപിഐഎമ്മിന്റെ നേതാക്കളെ വഴി നടക്കാന്‍ അനുവദിക്കില്ല എന്നതാണ് ആര്‍എസ്എസ് നയം. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമന്ത്രിയെ കൊല്ലും എന്ന് പറഞ്ഞ കുന്ദന്‍ ചന്ദ്രാവത്ത് ഇന്നും ഇറങ്ങി നടക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് എത്ര അക്രമം നടത്തിയാലും ഇഎംഎസ് ഉയര്‍ത്തി പിടിച്ച ചെങ്കൊടി ഞങ്ങള്‍ താഴ്ത്താന്‍ പോകുന്നില്ല. ബിജെപിയെ നേരിടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂ. കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ ശക്തിയാകാന്‍ സിപിഐഎമ്മിന് കഴിയും. 2018 ആകുന്നതോടെ സിപിഐഎമ്മിലെ വനിതാ പ്രതിനിധ്യം 25% ആയി ഉയര്‍ത്തും. ബഹുജനസമരങ്ങള്‍ നടത്തുന്നതിനൊപ്പം സമൂഹ പ്രവര്‍ത്തനത്തില്‍ കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കാളികള്‍ ആവണമെന്നും കോടിയേരി പറഞ്ഞു.

നിയമസഭാ മന്ദിരത്തിന് മുന്നിലെ ഇഎംഎസ് പ്രതിമയിലെ പുഷ്പാര്‍ച്ചനയോടെയാണ് തലസ്ഥാനത്തെ അനുസ്മരണചടങ്ങ് ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണനും വിഎസ് അച്യുതാനന്ദനും ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News