വാഹന പരിശോധനയില്‍ പൊലീസിന് തെറ്റുപറ്റിയിട്ടില്ല; ചില്ലുകള്‍ മറച്ച് സ്റ്റിക്കര്‍ ഒട്ടിക്കുന്നത് കുറ്റകരം; പിഴ ഈടാക്കാത്തതിന് ഡിവൈഎസ്പി വിശദീകരിക്കണമെന്നും എറണാകുളം റൂറല്‍ എസ്പി

കൊച്ചി : മൂവാറ്റുപുഴയില്‍ അങ്കമാലി ഡയറീസ് സിനിമാ പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ് വാഹനം പരിശോധിച്ച സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയിട്ടില്ലന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ്. വാഹനത്തിന്റെ ചില്ലുകള്‍ സ്റ്റിക്കര്‍ ഒട്ടിച്ച് മറക്കുന്നത് കുറ്റകരമായതിനാലാണ് പരിശോധിച്ചത്. കുറ്റകൃത്യം കണ്ടെത്തിയിട്ടും പിഴ ഈടാക്കാതെ വാഹനം വിട്ടുകൊടുത്ത മുവാറ്റുപുഴ ഡിവൈഎസ്പി യോട് റൂറല്‍ എസ്പി വിശദീകരണം തേടി.

ഗ്ലാസ്സ് മറച്ച് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം എന്ത്‌കൊണ്ട് പിടിച്ചെടുത്തില്ലെന്ന് വിശദീകരിക്കാനാണ് മുവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോനോട് എറണാകുളം റുറല്‍ എസ്പി എവി ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചത്. വാഹനത്തിന്റെ ചില്ലുകള്‍ സ്റ്റിക്കര്‍ ഒട്ടിച്ച് മറക്കുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ പിഴ ഈടാക്കാതെ വാഹനം വിട്ടുകൊടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും എസ്പി ആവശ്യപ്പെട്ടു.

നിയമലംഘനം നടത്തിയ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച പോലീസ് നടപടിയില്‍ തെറ്റില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയുടെ പ്രചരണത്തിനായി സജ്ജീകരിച്ച വാഹനത്തില്‍ സഞ്ചരിക്കവേയായിരുന്നു പൊലീസ് തടഞ്ഞത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരെ പോലീസ് തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് അപമാനിച്ചു എന്നായിരുന്നു പരാതി. മുവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ ഇവര്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ എസ്പി പോലീസ് നടപടിയില്‍ തെറ്റില്ലന്ന് റിപ്പോര്‍ട്ട് നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News