സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന് ആവശ്യം; കുമ്പസാരം കേള്‍ക്കുന്നവര്‍ തന്നെ പീഡിപ്പിക്കുന്ന കാലത്ത് നിലപാടുകള്‍ മാറ്റണം; സ്ത്രീകള്‍ കുമ്പസാരിക്കുന്നത് ഭയത്തോടെ

കൊച്ചി: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാസഭ നവീകരണ സമിതി രംഗത്ത്. കത്തോലിക്കാസഭയിലെ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരികരിക്കണമെന്നും ആവശ്യപ്പെട്ട് സമിതി പ്രവര്‍ത്തകര്‍ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

കുമ്പസാരം കേള്‍ക്കുന്നവര്‍ തന്നെ പീഡിപ്പിക്കുന്ന കാലത്ത് നിലപാടുകളും നിയമങ്ങളും മാറ്റാന്‍ സഭാ നേതൃത്വം തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് കേരള കത്തോലിക്കാസഭ നവീകരണ സമിതി പ്രവര്‍ത്തകര്‍ ഉപവാസം നടത്തിയത്. ഭയത്തോടെ മാത്രമേ സ്ത്രീകള്‍ക്ക് ഇക്കാലത്ത് കുമ്പസാരിക്കാന്‍ കഴിയുന്നുള്ളൂവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

പുരോഹിതരെപ്പോലെ എല്ലാം പഠിപ്പിച്ചവരാണ് കന്യാസ്ത്രീകള്‍. എന്നാല്‍ കുമ്പസാരം കേള്‍ക്കാനോ കുര്‍ബാന നടത്താനോ അവകാശമില്ല. ഇത് വിവേചനമാണെന്നും ഇതിന് മാറ്റം വേണമെന്നുമാണ് സമിതി അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ബിഷപ്പടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു.

കുറ്റവാളികളായ മുഴുവന്‍ പുരോഹിതരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഭാ നേതൃത്വം നടപടി സ്വീകരിക്കണമെന്നും സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here