ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി; യോഗി ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകം; തെലങ്കാന മണ്ണിനെ ആവേശം കൊള്ളിച്ച് പിണറായി

ഹൈദരാബാദ്: വര്‍ഗീയ ഭീഷണിക്കു മുന്നില്‍ പതര്‍ച്ചയും പിന്‍മാറ്റവുമില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മണ്ണില്‍. തനിക്കെതിരെ ഉയര്‍ന്ന സംഘ്പരിവാര്‍ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് തെലങ്കാനയെ അഭിസംബോധന ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ബിജെപി അപരാജിതരായി മാറുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ രാജ്യത്ത് ബിജെപി-ആര്‍എസ്എസ് സഖ്യം അപരാജിതരായി മാറുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. ഇത് മനപൂര്‍വം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ്. ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പില്‍ അപരാജിതമായ ലീഡ് ഒരിടത്തും നേടിയിട്ടില്ല. പഞ്ചാബില്‍ രണ്ട് സീറ്റിലാണ് ബിജെപി വിജയിച്ചത്. വന്‍ വിജയം നേടിയെന്ന് അവകാശപെടുന്ന ഉത്തര്‍പ്രദേശില്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം പോലും നേടാനായിട്ടില്ല. 39.7 ശതമാനം വോട്ടാണ് യുപിയില്‍ ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ സര്‍ക്കാര്‍ ഉണ്ടാക്കിയ 2014ലും കുറവായിരുന്നു ഇത്. വര്‍ഗീയത പ്രചരിപ്പിച്ചാണ് യുപിയില്‍ ബിജെപി വോട്ട് തേടിയത്. അതിനാല്‍ യുപിയിലെ 60ശതമാനത്തോളം ജനങ്ങളും ബിജെപിക്ക് എതിരായിട്ടാണ് വോട്ട് ചെയ്തതെന്ന് മനസിലാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് ഭൂരിപക്ഷം ലഭിക്കാഞ്ഞിട്ടും ഗോവയിലും, മണിപ്പൂരിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രാജ്യത്ത് ഒന്നിക്കണം. ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കണം. ബിജെപിയെ എതിര്‍ക്കാന്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിച്ച്, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയാണെന്നും നോട്ടു നിരോധനംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമാണ്. യുപിയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ആരോപണവിധേയനാണ് ആദിത്യനാഥ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹ്യനീതിയുടെയും സമഗ്ര വികസനത്തിന്റെയും മുദ്രാവാക്യമുയര്‍ത്തി സമരാവേശം സംഗമിക്കുന്ന മഹാസമ്മേളനത്തിനാണ് ഹൈദരാബാദിലെ സരൂര്‍ നഗര്‍ ഗ്രൗണ്ട് വേദിയായത്. സിപിഐഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന് ആരംഭിച്ച പദയാത്രയുടെ സമാപനസമ്മേളനത്തിലാണ് പിണറായി പങ്കെടുത്തത്. പിണറായിക്ക് പുറമെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരും സംസാരിച്ചു.

തെലങ്കാനയിലെ സിപിഐഎം പ്രവര്‍ത്തകര്‍ വര്‍ധിതമായ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തുന്ന പിണറായിക്ക് മലയാളി സമൂഹം ഉജ്വലമായ വരവേല്‍പ്പും നല്‍കി. ഇതിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News