രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു; മണിശങ്കര്‍ അയ്യറിന് പിന്നാലെ വിമര്‍ശനവുമായി പി ചിദംബരവും; തന്ത്രങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. മണിശങ്കര്‍ അയ്യറിന് പിന്നാലെ ഹൈക്കമാന്റിനെ വിമര്‍ശിച്ച് പി ചിദംബരവും രംഗത്തെത്തി. നരേന്ദ്രമോദിയെ നേരിടാന്‍ നിലവിലെ കോണ്‍ഗ്രസ് സംവിധാനത്തിന് കഴിയില്ലെന്നും തന്ത്രങ്ങള്‍ മാറ്റണമെന്നും ചിദംബരം തുറന്നടിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗോവയും മണിപ്പൂരും നഷ്ടമായതോടെയാണ് രാഹുല്‍ ഗാന്ധി നേതൃത്വത്തിന് എതിരെ പാര്‍ട്ടിക്ക് അകത്ത് വിമര്‍ശനം ശക്തമാകുന്നത്. മുതിര്‍ന്ന നേതാക്കളായ മണിശങ്കര്‍ അയ്യറിനും ദിഗവിജയ് സിങ്ങിനും പുറമെ പി ചിദംബരവും ഹൈക്കമാന്റ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നരേന്ദ്രമോദി മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ആകില്ലെന്നും തന്ത്രങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും ചിദംബരം തുറന്നടിച്ചു. ബിജെപി ആര്‍എസ്എസ് കൂട്ടുകെട്ടുമായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാവനത്തെ പോലും താരതമ്യം ചെയ്യാനാകാത്ത അവസ്ഥയാണെന്നും ചിദംബരം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ദിഗ്വിജയ് സിങ്ങും ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് തിരിച്ച വരവ് സാധ്യമാകണമെങ്കില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മണിശങ്കര്‍ അയ്യറും ചൂണ്ടികാട്ടിയിരുന്നു. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ആദ്യം സമീപിച്ചത് കോണ്‍ഗ്രസിനെ ആയിരുന്നു. എന്നാല്‍ കൃത്യമായ ചര്‍ച്ചയിലൂടെ പ്രദേശിക പാര്‍ട്ടി പിന്തുണ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് ആയില്ല. കോണ്‍ഗ്രസ് രഹിത ഇന്ത്യയെന്ന നരേന്ദ്ര മോദി സ്വപ്‌നം രാഹുല്‍ ഗാന്ധി സുഗമമാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News