തേക്കടി ടൂറിസം തകര്‍ക്കാന്‍ വനംവകുപ്പ് ശ്രമമെന്ന് ആരോപണം; ജനകീയ സമിതി സമരം ശക്തമാക്കുന്നു; 29ന് കുമളിയില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: തേക്കടിയിലെ ടൂറിസം തകര്‍ക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ച് കുമളിയിലെ ജനകീയ സമിതി നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാത ഉപരോധത്തോടെയാണ് വനംവകുപ്പിനെതിരെയുള്ള സമരം പുതിയ ഘട്ടത്തിലേക്ക് കടന്നത്. 29ന് കുമളിയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ സ്വകാര്യ വാഹനങ്ങള്‍ തേക്കടിയിലേക്ക് പ്രവേശിക്കുന്നതിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം തേക്കടി ആമപ്പാര്‍ക്കിലുണ്ടായിരുന്ന ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ ഒഴിവാക്കുകയും ചെയ്തു. പകരം കുമളി ടൗണിന് സമീപത്തുള്ള ആനവച്ചാലില്‍ വാഹന പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതിനെതിരെയാണ് സമര സമിതി രൂപീകരിച്ച് പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയത്.

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഇല്ലാതാക്കുന്നതിന്റെ മുന്നോടിയായാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വനമേഖലയിലെ ഗതാഗതം പുരാരംഭിക്കുക, ബോട്ടിംഗ് തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. കുമളി തേക്കടി കവലയിലാണ് ഉപരോധം നടത്തിയത്.

ആമപ്പാര്‍ക്കില്‍ നിര്‍മ്മിച്ചിരുന്ന കല്ലു ബെഞ്ചുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയവ നിര്‍മ്മിക്കുന്നതിനാണിതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിനിടെ കെടിഡിസിയുടെ 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ രണ്ടു ബോട്ടകളിലൊന്ന് തേക്കടിയിലെത്തി. പലഭാഗങ്ങളായി എത്തിച്ച ബോട്ട് തേക്കടിയില്‍ വച്ച് യോജിപ്പിച്ച് നീറ്റിലിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News