സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമം വേണം; അധ്യാപകരുടെ സെക്രട്ടറിയേറ്റ് നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളേജ് അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സ്വകാര്യ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യ കോളേജുകളെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ കഷ്ടം ആണ് പഠിപ്പിക്കുന്ന അധ്യാപകരുടെ സ്ഥിതി. സേവന വേതന വ്യവസ്ഥകള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ആവില്ല. നെറ്റ് യോഗ്യത ഉളളവര്‍ക്ക് കിട്ടുന്ന ശമ്പളം കേട്ടാല്‍ പിന്നെയാരും നെറ്റ് പഠിക്കും മുന്‍പ് രണ്ട് വട്ടം ആലോചിക്കും. 90 ശതമാനത്തിലേറെ സ്ത്രീകള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ വിവരണാതീതമായ മാനസിക പീഡനം ആണ് അവര്‍ നേരിടുന്നത്.

പ്രസവാവധി പോലും പല മാനേജ്‌മെന്റുകള്‍ കൃത്യമായി കൊടുക്കാറില്ല. അനീതികള്‍ ചോദ്യം ചെയ്താല്‍ കണ്ണിലെ കരടാവും. പിന്നെ പിറ്റെ ദിവസം പിരിച്ച്് വിടല്‍ നോട്ടീസാവും തേടിയെത്തുക. ഐക്യ കേരള പിറവിക്ക് മുന്‍പ് കേരളത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ നടനമാടിയിരുന്ന സമാന അവസ്ഥയാണ് സ്വാശ്രയ കോളേജുകളില്‍ നടക്കുന്നത്. പതിറ്റാണ്ടുകളായി ജോലി ചെയ്താലും എല്ലാ വര്‍ഷവും മാര്‍ച്ചില്‍ പിരിച്ച് വിടും. പരീക്ഷ കാലത്ത് ദിവസ വേതന വ്യവസ്ഥയിലാവും ജോലി ചെയ്യിപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യവകാശ ലംഘനങ്ങള്‍ ചവുട്ടിമെതിച്ചാണ് പല മാനേജ്‌മെന്റുകളും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമം കൊണ്ട് വരണമെന്നതാണ് നിരാഹാരം കിടക്കുന്ന അധ്യാപകരുടെ ആവശ്യം.

വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തുക കോഴയായും ഫീസിനത്തിലും വാങ്ങുന്ന മാനേജ്‌മെന്റുകള്‍ അധ്യാപകര്‍ക്ക് പോലും മാന്യമായ ശമ്പളം നല്‍കുന്നില്ല. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട അധ്യാപകര്‍ക്ക് മുന്നില്‍ കോളേജ് പൂര്‍ണമായും അടച്ച് പൂട്ടി പ്രതികാരം ചെയ്ത മാനേജ്‌മെന്റുകള്‍ പോലും കേരളത്തില്‍ ഉണ്ട്. നിയമത്തിലൂടെ ഇവരെ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ ഈ മേഖലയിലെ തൊഴില്‍ ചൂഷണവും വിദ്യാര്‍ത്ഥി പീഡനവും അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് സമരക്കാര്‍ ചൂണ്ടികാട്ടുന്നു. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തങ്ങളെ ചര്‍ച്ചക്ക് വിളിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News