സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് മറുപടി നല്‍കി ബൃന്ദ കാരാട്ട്; ‘സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചത്’

പാലക്കാട്: സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്ന് ആക്ഷേപിച്ച ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന് അതേവേദിയില്‍ മറുപടി നല്‍കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അട്ടപ്പാടിയില്‍ സമഗ്രആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബൃന്ദ.

സ്ത്രീകളുടെ ജോലി പരദൂഷണം പറച്ചിലാണെന്നും കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നുമായിരുന്നു ചടങ്ങില്‍ അധ്യക്ഷനായ എന്‍ ഷംസുദ്ദീന്റെ പ്രസംഗം. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചത്. പുരുഷന്‍മാര്‍ വെറുതെ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് താന്‍ പറയുന്നില്ലെന്നും ബൃന്ദ പറഞ്ഞു.

അട്ടപ്പാടി പോലുള്ള ആദിവാസിമേഖലകളില്‍ മദ്യപാനത്തെയും മദ്യമാഫിയയെയും പിന്തുണയ്ക്കരുത്. സ്ത്രീകള്‍ അവകാശങ്ങള്‍ പോരാടി നേടിയെടുക്കേണ്ട സമയമാണിത്. കണ്ണീരോടെയിരിക്കേണ്ടവരല്ല അവര്‍. ആദിവാസിമേഖലകളില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്ന് കേള്‍ക്കാന്‍ തയ്യാറാകണം. അതിന് തയ്യാറല്ലാത്തവര്‍ക്ക് ആദിവാസികളോട് സംസാരിക്കാന്‍ അവകാശമില്ലെന്നും ബൃന്ദ പറഞ്ഞു.

കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ച സംസ്ഥാനമാണിത്. തൊഴിലുറപ്പുപദ്ധതി ആദിവാസി മേഖലയിലെ കൃഷി പുനരുദ്ധാരണത്തിന് ഉപയോഗിക്കണം. തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്ത് കൂലിവാങ്ങുന്നവരായി മാത്രം സ്ത്രീകള്‍ ഒതുങ്ങരുത്. പദ്ധതി ഓരോപ്രദേശത്തും എങ്ങനെ യാഥാര്‍ഥ്യമാക്കണമെന്ന് അഭിപ്രായം പറയാനും നടപ്പാക്കാനും സ്ത്രീകള്‍ക്കാവണം. തദ്ദേശസ്ഥാപനങ്ങള്‍ സഹകരിച്ചാല്‍ കുടുംബശ്രീയും തൊഴിലുറപ്പു പദ്ധതിയും ഉപയോഗിച്ച് അട്ടപ്പാടിയില്‍ മാറ്റങ്ങളുണ്ടാക്കാനാകുമെന്നും ബൃന്ദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News