കണ്ണൂരില്‍ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം; എടക്കാട് മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു

തലശേരി: കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമം. എടക്കാട് കുണ്ടത്തിന്മൂലയിലും തലശേരി ടെമ്പിള്‍ഗേറ്റിലും സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശ്രമം.

ഇഎംഎസ്-എകെജി ദിനാചരണത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ശനിയാഴ്ച രാത്രി പത്തരയോടെയാണ് എടക്കാട് കുണ്ടത്തിന്മൂല കൈരളി വായനശാലക്ക് സമീപം മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ കുണ്ടത്തിന്മൂലയിലെ ജിതിന്‍ (24), തലശേരി സഹകരണ ആശുപത്രിയിലും രോഹിത്് (20), അഭിനന്ദ് (18) എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

തലശേരി ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ സിപിഐഎം തിരുവങ്ങാട് വെസ്റ്റ്‌ലോക്കല്‍കമ്മിറ്റി ഓഫീസില്‍നിന്ന് പുറത്തിറങ്ങി വരുമ്പോഴാണ് നഗരസഭാ തൊഴിലാളിയും സിപിഐഎം ടെമ്പിള്‍ഗേറ്റ് ബ്രാഞ്ചംഗവുമായ കൊമ്മല്‍വയല്‍ ആശ നിവാസില്‍ മണിയെ (54)യാണ് ആര്‍എസ്എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇടിക്കട്ട കൊണ്ട് നെഞ്ചിനും മുഖത്തും കുത്തിപ്പരിപ്പേല്‍പ്പിച്ചു. അടിയേറ്റ് വാരിയെല്ല് പൊട്ടി, പല്ലുകളും കൊഴിഞ്ഞു. നങ്ങാറത്ത്പീടികയിലെ കെപി ജിജേഷ് സ്മാരകത്തിന് സമീപം ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് ഭീതി പരത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലെടുത്ത സമാധാനയോഗ തീരുമാനങ്ങളാണ് ആര്‍എസ്എസ് ലംഘിക്കുന്നത്. ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധിസഭ കോയമ്പത്തൂരില്‍ നടക്കുന്നതിനിടെ കേരളത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള ഉന്നത ഗൂഢാലോചനയും ഇതിനുപിന്നിലുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News