പെണ്‍ക്കരുത്തിന്റെ സന്ദേശം വിളിച്ചോതി c/o സൈറാ ബാനു

മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി തന്റെ ആദ്യ ചലച്ചിത്രമായ c/o സൈറാ ബാനുവിലൂടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. സൈറാ ബാനുവും മകന്‍ ജോഷ്വ പീറ്ററും തമ്മിലുള്ള ബന്ധവും സ്‌നേഹവും അവതരിപ്പിക്കുന്ന സിനിമയില്‍ സമകാലീന സംഭവങ്ങള്‍ കഥാസന്ദര്‍ഭങ്ങളായി ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ആന്റണി സോണിയും തിരക്കഥാകൃത്തുകളും വിജയിച്ചിരിക്കുന്നു. മഞ്ജു വാരിയരുടെ തിരിച്ചുവരവിലെ സിനിമകള്‍ക്ക് സമാനമായി c/o സൈറാ ബാനുവിന്റെ കഥയും സ്ത്രീ കേന്ദ്രീകൃതമാണ്.

manju

സിനിമയുടെ ആദ്യ പകുതി സൈറാ ബാനുവിന്റെയും മകന്‍ ജോഷ്വാ പീറ്ററിന്റെയും നിത്യജീവിതത്തിലെ രസകരമായ സംഭവവികാസങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടാം ഭാഗം കഥയെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകുന്നു. ഒരു അമ്മയുടെയും മകന്റെയും ആനന്ദകരമായ ജീവിതത്തില്‍ കരിനിഴല്‍ പരത്തികൊണ്ട് നടക്കുന്ന സംഭവങ്ങള്‍ പ്രേക്ഷകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

നിയമക്കുരുക്കിലകപ്പെടുന്ന ജോഷ്വയെ രക്ഷിക്കാനുള്ള പോസ്റ്റ് വുമണായ സൈറയുടെ നെട്ടോട്ടവും അതില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. സ്വന്തം മകന് വേണ്ടിയും വളര്‍ത്തുമകനു വേണ്ടിയും പൊരുതുന്ന രണ്ട് അമ്മമാരുടെ കഥയായി ചിത്രം മാറുന്നു.

നമ്മുടെ സമൂഹത്തില്‍ ആള്‍ബലവും സാമ്പത്തികശേഷിയും സ്വാധീനവുമില്ലാത്തവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നമ്മുടെ വ്യവസ്ഥിതിയിലുള്ള ദൗര്‍ബല്യങ്ങള്‍ വരച്ചുക്കാട്ടുന്നു c/o സൈറാ ബാനു. അതോടൊപ്പം യാതൊരു രേഖകളുമില്ലാതെ നമ്മുടെ സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ചുംബന സമരം തുടങ്ങിയ സമകാലീന സംഭവങ്ങളും സിനിമയ്ക്ക് പ്രമേയമാകുന്നുണ്ട്.

manju-1

ഇര്‍ഫാനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കിസ്മത്തിലൂടെ സിനിമാ രംഗത്തെത്തിയ ഷെയ്ന്‍ നിഗം, ജോഷ്വാ പീറ്ററുടെ വേഷത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാരംഗത്തേക്ക് തിരിച്ചെത്തിയ അമല ഡബ്ബിംഗിലെ ചില പിഴവുകളൊഴിച്ചാല്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോണ്‍ പോള്‍, ഉപ്പും മുളകും ഫെയിം ബിജു സോപാനം, ജോയ് മാത്യു എന്നിവരുടേത് ചെറുകഥാപാത്രങ്ങളാണെങ്കിലും ശ്രദ്ധേയമാണ്. ഇവരെക്കൂടാതെ ഗണേഷ് കുമാര്‍, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗത, സുജിത് ശങ്കര്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

ഇമ്പമാര്‍ന്ന പശ്ചാത്തല സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ തിരിച്ചുവരവ് ഗംഭീരമായി. ബിപിന്‍ ചന്ദ്രനാണ് സംഭാഷണം. സംവിധായകന്‍ ആന്റണി സോണിക്കൊപ്പം ഛായാഗ്രാഹകന്‍ അബ്ദുള്‍ റഹീം എഡിറ്റര്‍ സാഗര്‍ദാസ് എന്നീ യുവാക്കളും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

 
എഴുതിയത്: പ്രവീണ്‍ കുമാര്‍( സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here