മിഷേല്‍ ഷാജിയുടെ മൊബൈലും ബാഗും കണ്ടെത്താന്‍ ശ്രമം; ഗോശ്രീ പാലത്തിന് കീഴെ പരിശോധന; മുങ്ങല്‍ വിദഗ്ധര്‍ക്ക് തെളിവ് കണ്ടെത്താനായില്ല

കൊച്ചി : ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ കൊച്ചി കായലില്‍ പരിശോധന നടത്തി. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ ഏജന്‍സിയാണ് ഗോശ്രീ പാലത്തിനു താഴെ പരിശോധന നടത്തിയത്. മണിക്കൂറുകളോളം പരിശോധന തുടര്‍ന്നെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല.

ഗോശ്രീ രണ്ടാം പാലത്തിനു താഴെയാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകള്‍ നീണ്ടെങ്കിലും മൊബൈല്‍ ഫോണൊ ബാഗൊ കണ്ടെത്താനായില്ല. മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് ക്രൈം ബ്രാഞ്ചും ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യം എന്തെന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.

മിഷേല്‍ മരിക്കുന്നതിന്റെ തൊട്ടു മുന്‍പായി മെസേജുകളോ ഫോണ്‍ കോളുകളോ വന്നിട്ടുണ്ടൊ എന്ന് അറിയേണ്ടതുണ്ട്. അവസാനമായി വന്ന ഫോണ്‍ കോള്‍ ആരുടേതാണ്, അവസാനം വന്ന മെസേജിന്റെ ഉള്ളടക്കമെന്ത്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം. അതിനാലാണ് ഫോണിനായി കായലില്‍ വിശദമായ പരിശോധന നടത്തിയത്.

അതേസമയം ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ക്രോണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ക്രോണിന്‍ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഢിലെ സ്ഥാപനത്തിലും താമസ സ്ഥലത്തും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. ഈ മാസം 24 ന് ക്രോണിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News