മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സിപിഐഎം ശ്രമമെന്ന് രമേശ് ചെന്നിത്തല; യുപിയില്‍ പുറത്തുവന്നത് ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മലപ്പുറത്ത് യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബിജെപിയുമായി രഹസ്യധാരണയ്ക്ക് സിപിഐഎം നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് സിപിഎമ്മിനും ബിജെപിക്കും നന്നായി അറിയാം. കഴിയുന്നത്ര ഭൂരിപക്ഷം കുറയ്ക്കുകയെന്നത് ഇരുകക്ഷികളുടെയും പൊതു ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിന് വേണ്ടിയാണ് അണിയറയില്‍ അവര്‍ സഖ്യമുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇത് മറച്ച് വയ്ക്കാനാണ് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് മേല്‍ ബിജെപി ബന്ധം ആരോപിക്കുന്നത്. നാല് വോട്ടിനും രണ്ട് സീറ്റിനുമായി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടികാണിക്കാത്ത പാര്‍ട്ടിയാണ് സിപിഐഎം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തീവ്രഹിന്ദുത്വ നിലപാടുകളിലൂടെ വിവാദനായ യോഗി ആദിത്യ ദേവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ട മറനീക്കി പുറത്ത് വന്നു. അപകടകരമായ കാലഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നത്. മതേതര വോട്ടുകള്‍ ചിതറിപ്പോയത് കൊണ്ടാണ് യുപിയില്‍ ബിജെപിക്ക് സീറ്റുകള്‍ തൂത്തുവാരാനായത്. രാഷ്ട്രത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ മതേതര ശക്തികള്‍ ഒന്നിക്കണം. യുപി തെരഞ്ഞെടുപ്പ് ഇതാണ് അടിവരയിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News