മലപ്പുറത്ത് ഇടതുപക്ഷം വിജയിക്കുമെന്ന് വൈക്കം വിശ്വന്‍; മതേതര – ജനാധിപത്യ ശ്ക്തികളുടെ വിജയം കാലത്തിന്റെ ആവശ്യം; മലപ്പുറം എല്‍ഡിഎഫിന് ബാലികേറാമലയല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. വര്‍ഗീയതക്കെതിരെ ജനങ്ങളെ അണിനിരത്തിയും എല്‍ഡിഎഫ് ഭരണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചും തെരഞ്ഞെടുപ്പിനെ നേരിടും. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വൈക്കം വിശ്വന്‍ ഇക്കാര്യം പറഞ്ഞത്.

മതേതര ജനാധിപത്യ ശക്തികളുടെ വിജയം കാലം ആവശ്യപ്പെടുന്നതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കരുത്തനായ യുവജനവിദ്യാര്‍ഥി നേതാവ് അഡ്വ. എംബി ഫൈസലിനെ എല്‍ഡിഎഫ് മല്‍സരത്തിനിറക്കുന്നത്. എല്‍ഡിഎഫ് ഒന്നാകെ മണ്ഡലം കേന്ദ്രീകരിച്ച് ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തും.

മലപ്പുറം എല്‍ഡിഎഫിന് ബാലികേറാമലയാണെന്ന് ആരും കരുതേണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കണ്‍വീനര്‍ പറഞ്ഞു. മലപ്പുറം മണ്ഡലത്തിന്റെ പഴയ രൂപമായ മഞ്ചേരിയില്‍ എല്‍ഡിഎഫ് ജയിച്ചിട്ടുണ്ട്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തോറ്റിട്ടുണ്ട്. ഇപ്പോള്‍ മല്‍സരിക്കുന്നതും ജയിക്കാന്‍ തന്നെയാണ്. ആര്‍എസ്എസിന്റെ വര്‍ഗീയ തേരോട്ടത്തെ ചെറുക്കാന്‍ എല്‍ഡിഎഫ് ജയിക്കണം.

ഈ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും ജനങ്ങള്‍ സ്വീകരിക്കും. അതുകൊണ്ട് തന്നെ വിജയം ഉറപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നത്. എല്‍ഡിഎഫ് എംഎല്‍എമാര്‍ മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായും കണ്‍വീനര്‍ അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

സ്വാശ്രയ കോളേജിലെ പ്രവേശനവും ഫീസും സംബന്ധിച്ച പ്രശ്‌നം പരിശോധിക്കണം. വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സമൂഹത്തിനും ഗുണപരമായ തീരുമാനമെടുക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ടോംസ് കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് ആവശ്യമായ ഇടപെടലുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News