രാജ്യം ഭരിക്കുന്നത് വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കുന്ന ഭരണകൂടം; ചരിത്രത്തെയും സംസ്‌കാരത്തെയും അവര്‍ വക്രീകരിക്കുന്നുവെന്നും പിണറായി; ‘റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്’ ദേശീയ സെമിനാറിന് തുടക്കം

തിരുവനന്തപുരം : വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് പിണറായി വിജയന്‍. ചരിത്രത്തെയും സംസ്‌കാരത്തെയുമെല്ലാം വക്രീകരിച്ച് അവര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റുകയാണ്. ഇതിനെ ചെറുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സെമിനാര്‍ ‘റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. എന്നാല്‍ ഇന്ന് ഭരണകൂടത്തെ നിയന്ത്രിക്കുന്നവര്‍ ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്.

വൈവിധ്യങ്ങളെയെല്ലാം തിരസ്‌കരിച്ച് ഒരു മതരാഷ്ട്രമാണ് അവരുടെ സങ്കല്പം. ശത്രുക്കളായി അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത് മുതലാളിത്തത്തെയോ നാടുവാഴികളെയോ കൊള്ളക്കാരേയോ ഒന്നുമല്ല. പകരം കൃസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഗാന്ധിയന്‍മാരെയും ഒക്കെയുമാണ്. അസഹിഷ്ണുത നിറഞ്ഞ ഈ കാലഘട്ടത്തില്‍ പ്രതികരിക്കേണ്ട കടമ യുവത്വത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

രാജ്യത്ത് എല്ലായിടത്തും ചെറുതും വലുതുമായി ഉയര്‍ന്നു വരുന്ന ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെല്ലാം മുമ്പിലുള്ളത് യുവത്വമാണ്. ജെഎന്‍യുവും ഹൈദരാബാദ് സര്‍വ്വകലാശാലയും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്ന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എഴുത്തുകാരും ചിന്തകരും ഭീഷണിക്ക് നടുവിലാണ് ജീവിക്കുന്നത്. ഭരണഘടനയുടെ പവിത്രതയെക്കുറിച്ച് ഒരു കൂട്ടര്‍ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെ ഭരണഘടനയുടെ പവിത്രയെക്കുറിച്ചു പറയുന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്.

ഇരുട്ടിനു വിപരീതപദം വെളിച്ചമെന്നു പഠിപ്പിക്കുംപോലെ ഹിന്ദുവിന്റെ വിപരീത പദം മുസ്ലീംമെന്നു പഠിപ്പിക്കുന്നു. ഭാഷാ പഠനത്തിലും ഗണിത പഠനത്തില്‍പോലും വര്‍ഗീയതയാണ് പഠിപ്പിക്കുന്നത്. അഞ്ചു മസ്ജിദുകള്‍ പൊളിക്കാന്‍ രണ്ടു മണിക്കൂറെടുക്കുമെങ്കില്‍ അന്‍പത് മസ്ജിദ് പൊളിക്കാന്‍ എത്രസമയം എടുക്കുമെന്ന ചോദ്യം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മസ്ജിദ് പൊളിക്കപ്പെടേണ്ടതാണെന്ന ചിന്ത ഇളം മനസ്സുകളില്‍ ഉണ്ടാക്കിയെടുക്കുകയാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാല എന്നിങ്ങനെ രാജ്യത്തെ സര്‍വ്വകലാശാലകളെ തകര്‍ക്കുവാനാണ് രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. രോഹിത് വെമുലയും ജിഷ്ണുവും നജീബും നേരിടേണ്ടിവന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ യുവജനത ജാഗ്രതയോടെ ചെറുത്തുനില്‍ക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യന്‍ സമൂഹം കൂടുതല്‍ കലുഷിതമായ സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നുവെന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം കിട്ടാത്ത മണിപ്പൂരിലും ഗോവയിലും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി ബിജെപി ഭരണം പിടിച്ചെടുത്തു. ഉത്തര്‍പ്രദേശിലെയും മറ്റും ഇലക്ഷന്‍ ചൂണ്ടിക്കാണിക്കുന്നത് ഭാവിയില്‍ മതേതര ശക്തികളുടെയെല്ലാം ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്.

മതേതരത്വം ഊട്ടിയുറപ്പിക്കാന്‍ യുവത്വം രംഗത്തിറങ്ങണം. ചരിത്രത്തെ നുണ പ്രചരണങ്ങളിലൂടെ തിരുത്തി എഴുതാന്‍ പരിശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടവരും യുവജനതയാണ്. ജീവിക്കുന്ന രാജ്യത്തെ അറിയുകയും വായിക്കുകയും പുനര്‍വായിക്കുകയും ചെയ്യേണ്ടത് യുവത്വത്തിന്റെ കടമയാണ്. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെടുന്നവന്റെ ചരിത്രത്തെക്കുറിച്ച് എവിടെയും ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

തിരസ്‌കരിക്കപ്പെട്ടവരെക്കുറിച്ച് നമ്മള്‍ പുനര്‍വായന നടത്തണം. നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയുമെല്ലാം കുറിച്ചുമുള്ള ആഴത്തിലുള്ള ഒരു വായന അനിവാര്യമായ ഒരു ഘട്ടമാണിത്. നമ്മുടെ സംസ്‌കാരം എങ്ങനെ രൂപപ്പെട്ടുവെന്നും അത് എങ്ങനെ നിലനില്‍ക്കണമെന്നും നമ്മള്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ മധു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ ഡോ. ജയശ്രീ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു, ചലച്ചിത്രതാരം പ്രിയങ്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍ആര്‍ സഞ്ജയ് കുമാര്‍ സ്വാഗതവും യുവജന കമ്മീഷന്‍ സെക്രട്ടറി പിപി സജിത നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here