16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറോം ശര്‍മ്മിള അനന്തരവളെ കണ്ടു; പ്രിയപ്പെട്ട മാമോയി ചപ്പാത്തി കഴിക്കുന്നത് കണ്ട് സുനിബാല പൊട്ടിക്കരഞ്ഞു; സ ചലച്ചിത്രത്തെ വെല്ലുന്ന കഥയുടെ ക്ലൈമാക്‌സ് തിരുവനന്തപുരത്ത്

തിരുവനന്തപുരം : നീണ്ട 16 വര്‍ഷത്തിന് ശേഷം മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള അപ്രതീക്ഷിതമായി തന്റെ സഹോദര പുത്രിയെ കണ്ടുമുട്ടി. എയര്‍ ഹോസ്റ്റസ് ആയ സുനിബാല ഇറോം തന്റെ അമ്മായിയായ ഇറോം ശര്‍മ്മിളയെ കണ്ടപ്പോള്‍ സംഭവിച്ചത് വൈകാരിക രംഗങ്ങള്‍. ഇറോം ശര്‍മ്മിള ആനന്ദം കൊണ്ട് വിതുമ്പിയപ്പോള്‍ മരുമകള്‍ സന്തോഷം കൊണ്ട് പൊട്ടികരഞ്ഞു.

സിനിമയെ തോല്‍പ്പിക്കുന്ന കൈമാക്‌സ് ആണ് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള തലസ്ഥാനത്ത് എത്തിയത്. രാവിലെ തലസ്ഥാനത്ത് ട്രെയിന്‍ ഇറങ്ങിയത് മുതല്‍ ചാനല്‍ ക്യാമറകളുടെ വലയത്തിലായിരുന്നു ഇറോ ശര്‍മ്മിള. ഇറോം ശര്‍മ്മിളയുടെ ഒരോ ചലനവും ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.

irom-sharmila-2

ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് ശ്രദ്ധയില്‍പ്പെട്ട ഒരു മലയാളി സുഹൃത്താണ് തിരുവനന്തപുരത്ത് ജെറ്റ് എയര്‍വെയ്‌സിലെ എയര്‍ ഹോസ്റ്റസായ സുനിബാല ഇറോമിനെ ഇക്കാര്യം അറിയിക്കുന്നത്. ഇറോം ശര്‍മ്മിളയുടെ സഹോദരനായ സിങ്ങ് അജിത്തിന്റെ മകളാണ് സുനി ബാല ഇറോം. സുനിക്ക് ഏട്ട് വയസുളളപ്പോഴാണ് ഇറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്.

തുടര്‍ന്ന് വര്‍ഷങ്ങളായി പട്ടാളത്തിന്റെ തടവില്‍ ആയിരുന്നു ഇറോം. ഈ ഘട്ടത്തില്‍ ഒന്നും വീടുമായി ഒരു ബന്ധവും ഇറോമിന് ഉണ്ടായിരുന്നില്ല. സമരം അവസാനിപ്പിച്ച ശേഷവും വീടുമായി ബന്ധമില്ലാതിരുന്ന ഇറോം ശര്‍മ്മിളയെ തേടിയാണ് ഇന്ന് സുനിബാല ഇറോം എത്തിയത്. ഇറോമിന്റെ കേരളത്തിലെ സഹായിയും പത്രപ്രവര്‍ത്തകനുമായ ബഷീര്‍ മാടാലയുടെ ഫോണിലേക്കാണ് ഇറോമിനെ കാണമെന്ന ആവശ്യവുമായി സുഹൃത്ത് സന്ദേശം അയക്കുന്നത്.

സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബഷീര്‍ ഇറോമിനെ വിവരം അറിയിച്ചു. ഞെട്ടലോടെയാണ് ഇറോം വാര്‍ത്ത ശ്രവിച്ചത്. ഉടന്‍ എത്താന്‍ പറഞ്ഞതോടെ സുനി ഭമാമ്മോയിയെ കാണാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തി. കുട്ടിയായിരുന്നപ്പോള്‍ കണ്ട സുനിബാലയെ കണ്ടപ്പോള്‍ ആനന്ദം കൊണ്ട് ഇറോം വിതുമ്പി. വര്‍ഷങ്ങള്‍ ഇപ്പുറത്ത് അമ്മായിയെ കണ്ട സുനിബാലക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.

irom-sharmila-3

ഇരുവരും കരയുന്നത് കണ്ട ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ കാര്യം തിരക്കിയപ്പോള്‍ ആണ് സംഗതിയുടെ സത്യാവസ്ഥ മനസിലാകുന്നത്. അമ്മായിയുമൊത്ത് ഉച്ചഭക്ഷണത്തിന് ഇരിക്കുമ്പോഴും സുനിബാലയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ മാമോയി ചപ്പാത്തി കഴിക്കുന്നത് കണ്ടപ്പോള്‍ സുനിബാലക്ക് അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.

രണ്ട് മണിക്കൂറിലേറെ ഇറോം ശര്‍മ്മിളയുമായി ചിലവിട്ട ശേഷം ആണ് സുനിബാല തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് മടങ്ങിയത്. മരുമകള്‍ ഇറങ്ങിയപ്പോള്‍ അയണ്‍ ലേഡി ഇറോം ശര്‍മ്മിളയുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മായിയെ കാണാന്‍ താന്‍ വീണ്ടും വരുമെന്ന് ഉറപ്പ് നല്‍കിയാണ് സുനിബാല ഇറോം താമസ സ്ഥലത്തേക്ക് മടങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here