മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി കലക്ടര്‍; സുരക്ഷാ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനനുവദിക്കില്ല

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഈ മാസം 25നകം സുരക്ഷാ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനനുവദിക്കില്ല. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.

മിഠായി തെരുവ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നും നടപടി കര്‍ശനമാക്കുന്നതിന് മുന്നോടിയായി ഉന്നതതലസംഘം വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പഴകിയ വയറിംഗ് ഉള്‍പ്പെടെ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മാസം 25നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അപകട ഭീഷണിയുയര്‍ത്തുന്ന ഇലക്ട്രിക്ക് ലൈനുകള്‍ ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. അപകടസാഹചര്യങ്ങളെ നേരിടാന്‍ പുതുതായി രൂപീകരിച്ച കമ്യൂണിറ്റി റെസ്‌ക്യൂ ടീമിനുള്ള പരിശീലനം ഉടന്‍ ആരംഭിക്കും. വ്യാപാരികളുടെ ഭാഗത്ത് നിന്നുയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ 25നു ശേഷം ഉന്നതതല സംഘം വീണ്ടും കടകളില്‍ പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here