എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന്; പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വൈകീട്ട് മലപ്പുറത്ത് നടക്കുന്ന പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡല പര്യടനം തുടങ്ങുക.

മലപ്പുറത്ത് തെരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സജീവമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്നരയോടെ വരണാധികാരിയായ ജില്ലാ കളക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക നല്‍കുക. പ്രചാരണ രംഗത്ത് എംബി ഫൈസല്‍ ഇതിനകം സജീവമായി കഴിഞ്ഞു. വൈകീട്ട് നാല് മണിക്കാണ് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍.

മലപ്പുറം ടൗണ്‍ഹാളില്‍ ചേരുന്ന കണ്‍വന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, സിഎംപി സംസ്ഥാന സെക്രട്ടറി കെആര്‍ അരവിന്ദാക്ഷന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. അബ്ദുള്‍വഹാബ്, പിടിഎ റഹീം എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ്ജ്, സിപിഐഎം നേതാക്കളായ പാലൊളി മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍, പികെ ശ്രീമതി എംപി എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനത്തിനൊപ്പം നേതാക്കള്‍ കൂടി പ്രചാരണത്തിന് എത്തുന്നതോടെ മലപ്പുറത്തെ തെരഞ്ഞെടുപ്പ് ചൂട് ഇരട്ടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News