രാമക്ഷേത്ര നിര്‍മാണം: പ്രശ്‌നങ്ങള്‍ കോടതിയ്ക്ക് പുറത്ത് തീര്‍പ്പുണ്ടാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി; മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ചീഫ് ജസ്റ്റീസ് ജഗദീഷ് സിംഗ് ഖെഹാര്‍

ദില്ലി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിയ്ക്ക് പുറത്ത് തീര്‍പ്പുണ്ടാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി. വിശ്വാസ കാര്യങ്ങളില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പാണ് ഗുണകരമെന്നും തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാര്‍ അഭിപ്രായപ്പെട്ടു. തര്‍ക്കഭൂമി സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം.

ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇരു വിഭാഗവും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചു. വിഷയം സംബന്ധിച്ച് ഇരുവിഭാഗങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി ചര്‍ച്ച നടത്തണമെന്നും രണ്ടു വിഭാഗങ്ങളും തയ്യാറാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ജസ്റ്റിസ് ഖെഹാര്‍ അറിയിച്ചു.

അതേസമയം, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ ശ്രമിച്ചതാണെന്നും കോടതി പ്രശ്‌നത്തില്‍ ഇടപെടേണ്ട സമയം വന്നെത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. കേസ് മാര്‍ച്ച് 31ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News