നജീബിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ നീക്കം; ഐഎസില്‍ ചേരുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്ന് ദില്ലി പൊലീസ്; നേപ്പാളിലേക്ക് പോയിരിക്കാമെന്നും പൊലീസ്

ദില്ലി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ചിത്രീകരിക്കാന്‍ ദില്ലി പൊലീസ് നീക്കം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത് എങ്ങനെയാണ് എന്ന് നജീബ് ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ടെന്നും യൂട്യൂബില്‍ നജീബ് കണ്ട വീഡിയോകളില്‍ അധികവും ഐഎസുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസിന്റെ ആശയസംഹിത, ശൃംഖല തുടങ്ങിയ കാര്യങ്ങളും നജീബ് തിരഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐഎസില്‍ ആകൃഷ്ടനായി നജീബ് നേപ്പാളിലേക്ക് പോയിരിക്കാമെന്നാണ് സംശയമെന്നും പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ നജീബ് മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.

ജെഎന്‍യുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കഴിഞ്ഞ ഒക്ടോബറിലാണ് കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിന് പിന്നാലെ ആയിരുന്നു നജീബിന്റെ തിരോധാനം.

ഹോസ്റ്റല്‍ അധികൃതരുടേയും വിദ്യാര്‍ഥികളുടേയും മുന്നില്‍വച്ചായിരുന്നു സംഘമായെത്തിയ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. നജീബിനെ വകവരുത്തുമെന്ന് പറഞ്ഞാണ് അന്ന് എബിവിപിക്കാര്‍ മടങ്ങിയത്. വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തി, റൂമിലെത്തിച്ച നജീബിനെ അന്ന് രാത്രിമുതല്‍ ആരും കണ്ടിട്ടില്ല.

നജീബിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി അധികൃതര്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ല. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണെങ്കിലും ഇതുവരെയും ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. വേര്‍ ഈസ് നജീബ് ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇന്നും തുടരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here