8041 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; അടിസ്ഥാന സൗകര്യ വികസനത്തിന് പരിഗണന; 5200 കോടി വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനെന്നും ധനമന്ത്രി

തിരുവനന്തപുരം : 8041 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം. 5200 കോടിരൂപയുടെ കെഎസ്ഇബിയുടെ പദ്ധതിയാണ് ഇതില്‍ പ്രധാനം. ആരോഗ്യമേഖലയിലെ 968കോടി രൂപയുടെ പദ്ധതിക്കും പൊതുമരാമത്തിന്റെ 879 ഉം കുടിവെള്ളത്തിന് 541 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരമായി.

കരാറുകാര്‍ക്ക് പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നേരിട്ട് പണം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ രണ്ടാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 8041 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരമായത്.

വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച 11,388 കോടി രൂപയുടെ പദ്ധതികളാണ് യോഗം വിശദമായി പരിശോധിച്ചത്. വടക്കന്‍ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായ പ്രസരണ ഗ്രിഡ് ശക്തിപ്പെടുത്തുന്നതാണ് കെഎസ്ഇബിയുടെ പദ്ധതി.

ആരോഗ്യവകുപ്പിന്റെ 968 കോടി രൂപയുടെ പദ്ധതിക്കും പൊതുമരാമത്തിന്റെ 879 ഉം 541 കോടിരൂപയുടെ കുടിവെള്ള പദ്ധതിക്കും ബോര്‍ഡ് അനുമതി നല്‍കി. കൊച്ചി കാന്‍സര്‍ സെന്ററിന് 310 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 170 കോടി രൂപയും അനുവദിച്ചു. പദ്ധതി നിര്‍വഹണത്തില്‍ സേവനദാതാക്കള്‍ക്കും കരാറുകാര്‍ക്കും നേരിട്ട് പണം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇന്ധന – റോഡ് സെസ് ഇനത്തില്‍ ലഭിച്ച 2000 കോടി രൂപ കിഫ്ബിയിലുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി 2000 കോടി രൂപ അടിയന്തരമായി വായ്പ എടുക്കാന്‍ യോഗം അനുമതി നല്‍കി. കിഫ്ബിയുടെ ആദ്യഘട്ടത്തില്‍ അനുവദിച്ച 4022 കോടി രൂപയുടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ കിഫ്ബി ബോര്‍ഡ് യോഗം തൃപ്തി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News