നോട്ട് നിരോധനത്തില്‍ വിമര്‍ശനവുമായി സുപ്രിംകോടതി; നോട്ട് മാറ്റാന്‍ പ്രത്യേക അവസരം നല്‍കാതിരുന്നതെന്ത്; രണ്ടാഴ്ചയ്ക്കകം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കാനും നിര്‍ദ്ദേശം

ദില്ലി : അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശനം. ഡിസംബര്‍ 30ന് മുമ്പ് നോട്ട് മാറ്റി വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കാത്തത് എന്തു കൊണ്ടാണെന്ന് സുപ്രിംകോടതി ആരാഞ്ഞു. നിയമവിധേയമായി അത് ചെയ്യാമായിരുന്നില്ലേ എന്നും പ്രശ്‌നത്തില്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു.

എന്ത് കൊണ്ട് ഇങ്ങനെ ചെയ്തില്ല എന്ന് വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രശ്‌നത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. അസാധുവാക്കിയ 500,1000 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അടുത്ത മാസം 11ന് വാദം കേള്‍ക്കും. ഡിസംബര്‍ 30ന് മുമ്പ് നോട്ട് മാറ്റി വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കാത്തത് എന്തു കൊണ്ടാണ്. വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കിയതു പോലുള്ള പ്രത്യേക സംവിധാനം ഒരുക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കാര്യം ജനങ്ങള്‍ക്ക് ഒരു അവസരം നല്‍കാതെ മറികടക്കുന്നത് കഴിവില്ലായ്മയാണെന്ന് കോടതി പറഞ്ഞു. നോട്ട് മാറ്റാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക അവസരം നല്‍കാന്‍ പാര്‍ലമെന്റ് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുമ്പ് സൂചിപ്പിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്നാണ് കരുതിയതെന്നാണ് അറ്റോര്‍ണി ജനറല്‍ ഇന്ന് കോടതിയില്‍ അറിയിച്ചത്.

നോട്ട് മാറാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഡിസംബര്‍ 30 വരെയായിരുന്നു ആര്‍ബിഐ സമയം അനുവദിച്ചത്. ഇതിന് ശേഷം പ്രവാസികള്‍ക്ക് ആര്‍ബിഐ ശാഖകളില്‍ നോട്ട് മാറാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതും ശരിയാംവിധം നടപ്പായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here