ബഹുസ്വരതയ്ക്ക് എതിരായ കടന്നാക്രമണങ്ങളെ ഗൗരവത്തില്‍ കാണണം; ചോദ്യം ചെയ്യാനും കഴിയുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകൂവെന്നും പ്രതിപക്ഷ നേതാവ്; ‘റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്’ ദേശീയ സെമിനാറിന് നാളെ സമാപനം

തിരുവനന്തപുരം: വര്‍ഗീയ സംഘടനകളുടെ സമ്മേളനങ്ങള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരെത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് വര്‍ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലാണ് ചെറുപ്പക്കാര്‍ അണിചേര്‍ന്നിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന ‘റീ റീഡിംഗ് ദി നേഷന്‍ പാസ്റ്റ് അറ്റ് പ്രസന്റ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അസംതൃപ്തി പ്രകടിപ്പിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നവര്‍ക്കു മാത്രമേ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. ചരിത്രം സൃഷ്ടിക്കാന്‍ പ്രാപ്തരായി വളരുന്ന തലമുറയെയാണ് ഇന്നിനാവശ്യം. വിശ്വപൗരന്മാരായി ചിന്തിക്കാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കണം. മാറ്റങ്ങള്‍ക്ക് വേണ്ടിയാകണം ചെറുപ്പക്കാരുടെ പരിശ്രമം. ബഹുസ്വരതയ്ക്കു നേരേ നടക്കുന്ന കടന്നാക്രമണങ്ങളെ ഗൗരവത്തില്‍ കാണേണ്ടതുണ്ട്. – ചെന്നിത്തല പറഞ്ഞു.

ലോകം വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ ചിന്താഗതികളെപ്പോലും വിലയ്ക്കു വാങ്ങാനാണ് അധീശശക്തികള്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ വിഭജനം കുറഞ്ഞുവരുന്ന ഇക്കാലത്ത് ചിന്തയിലും സമീപനത്തിലും അതിനനുസരിച്ച് മാറ്റം വരുന്നുണ്ട്. ഇന്ന് ചെറുപ്പക്കാര്‍ക്ക് അപ്രാപ്യമായി ഒന്നുമില്ല. പക്ഷേ, മല്‍സരത്തെ അതിജീവിച്ച് ഒന്നാം സ്ഥാനത്ത് എത്തുകയെന്നതാണ് ചെറുപ്പക്കാര്‍ നേരിടുന്ന വെല്ലുവിളി.

ഒന്നാമനെപ്പറ്റി മാത്രമേ ലോകം ചിന്തിക്കുന്നുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ നാം കാണുന്നില്ല. ആധുനിക കാലത്ത് യുവാക്കള്‍ക്ക് മുന്നില്‍ സാധ്യതകള്‍ വളരെയേറെയാണെങ്കിലും അതിനനുസരിച്ചുതന്നെ വെല്ലുവിളികളും നേരിടേണ്ടിവരുന്നുണ്ട്. ആ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പരിപാടിയോടനുബന്ധിച്ചു നടന്ന പരിസ്ഥിതി സെമിനാറില്‍ മുന്‍ എംപി കെഎന്‍ ബാലഗോപാല്‍, സി ജയകുമാര്‍, പ്രിയ പിള്ള, രജിത ജി എന്നിവര്‍ പ്രസംഗിച്ചു. ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെഇഎന്‍ കുഞ്ഞഹമ്മദും സംസ്‌കാരത്തില്‍ നിറത്തിന്റെ പങ്കിനെപ്പറ്റി ഡോ. ജി അജിത് കുമാറും പ്രതിനിധികളുമായി സംവദിച്ചു.

മാധ്യമ സെമിനാറില്‍ ഗൗരീദാസന്‍ നായര്‍, കെജെ ജേക്കബ്, ആര്‍എസ് ബാബു, ഷാനി പ്രഭാകര്‍, ഇ സനീഷ്, എബി തരകന്‍, സെബിന്‍ എ ജേക്കബ്, തിരുവല്ലം ഭാസി, ഫക്രുദ്ദീന്‍ അലി എന്നിവര്‍ സംസാരിച്ചു. കേരള മാതൃകയെപ്പറ്റി ഡോ. കെഎന്‍ ഹരിലാലും, സംസ്‌കാരത്തേയും ഭാഷയേയും പറ്റി കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവരും സംസാരിച്ചു.

ബുധനാഴ്ച രാവിലെ ലിംഗ സമത്വത്തെപ്പറ്റി ഡോ. എംഎ സിദ്ദീഖ്, സുജ സൂസന്‍ ജോര്‍ജ്, ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിക്കും. ഭാവി പ്രതീക്ഷകളെപ്പറ്റി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്, തദ്ദേശവകുപ്പു മന്ത്രി ഡോ. കെടി ജലീല്‍, വിഎസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സെഷനോടെ സെമിനാര്‍ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here