ദില്ലി : കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ 180 എംബിബിഎസ് സീറ്റുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂരിലെ 150ഉം കരുണയിലെ 30ഉം സീറ്റുകളാണ് റദ്ദാക്കിയത്. ഇരു കോളേജുകളും സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു.

വ്യാജരേഖകള്‍ നിര്‍മ്മിച്ചതിന് രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എതിരെയും കേസെടുക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം രണ്ട് കോളേജുകളിലെയും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.

കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് പ്രവേശന നടപടികള്‍ അട്ടിമറിച്ചുവെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മെഡിക്കല്‍ കോളജുകളിലെയും പ്രവേശന നടപടികള്‍ റദ്ദാക്കി. എന്നാല്‍ ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഇവിടെയും വിധി എതിരായതോടെ രണ്ട് സ്വാശ്രയ മാനേജ്‌മെന്റുകളുടെയും പ്രവേശന നീക്കങ്ങളാണ് പൊളിയുന്നത്.