ഇനിയും അവൾ മരിച്ചിട്ടില്ല; അവളെ കൊന്ന് നീയും ചാവല്ലേ..!!

ഇനിയും അവൾ മരിച്ചിട്ടില്ല, ‘ഒരൽപം ജീവശ്വാസം കൂടി ബാക്കിയുണ്ട്. അതുകൂടി എടുക്കരുത്. അവളെ കൊല്ലരുത്.. അതു നിന്റെ മരണത്തിലേക്കു കൂടി നയിക്കും. അതുകൊണ്ട് അവളെ കൊന്ന് നീയും ചാവല്ലേ’. പറയുന്നത് പുതുയുഗകാലത്തെ മനുഷ്യനോടാണ്. ഭൂമിയെ ആസന്നമൃതിയിലേക്കു തള്ളിവിടുന്ന ജീവിതരീതികൾ സ്വായത്തമാക്കിയ മനുഷ്യരാശിയോട്. മാറിയ ഭക്ഷണരീതിയും മാറ്റം വന്ന മനുഷ്യന്റെ ജീവിതരീതികളും ഭൂമിയെ ഇന്ന് അകാലമൃത്യുവിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്നു. അത് ജനങ്ങളുടെ ആരോഗ്യത്തെയും നല്ലരീതിയിൽ ബാധിക്കുന്നുണ്ട്.

തന്റെ കുട്ടിക്കവിതയിൽ മോഹനകൃഷ്ണൻ കാലടി എഴുതിയതു പോലെ ‘മണ്ണു മാന്തിയെടുക്കുന്ന കൈകളിൽ പന്തുപോലൊന്നു കിട്ടിയാൽ നിർത്തണേ.’ എന്നു പറയുന്നുണ്ട്. അത് ഭൂമിയെ കുറിച്ചു തന്നെയായിരുന്നു. വൈകുന്നേരം സ്‌കൂളിൽ നിന്നു വാടിയ ചേമ്പിൻതണ്ട് പോലെ വീടണയുന്ന കുരുന്നുകൾ, വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമായി വയോധികർ, തിരുവനന്തപുരം ആർസിസിയിലേക്കു വണ്ടികയറുന്ന മധ്യവയസ്‌കർ ഇതൊക്കെ ഇന്നു കേരളത്തിലെ സാധാരണ കാഴ്ചകൾ. മാറിയ ഭക്ഷണ രീതിയും മാറ്റം വന്ന ചുറ്റുപാടുകളുമാണ് ഇതിനൊക്കെ കാരണം.

മേലനങ്ങാതെ കാര്യം സാധിക്കാൻ മനുഷ്യൻ വല്ലാതെ കൊതിച്ചപ്പോൾ അതിനായി അവൻ എളുപ്പവഴികളും സ്വയം ധാരാളം കണ്ടെത്തി. സാമൂഹ്യവ്യവസ്ഥയെയാകെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യകൾ വന്നതോടെ നേട്ടങ്ങൾക്കൊപ്പം അതു പ്രതൃതിക്കു കോട്ടങ്ങളും വരുത്തി. ഒപ്പം മലപോലെ കുന്നുകൂടുന്ന മലിന വസ്തുക്കൾ കൂടിയായപ്പോൾ അതു മനുഷ്യരാശിക്ക് ഉയർത്തുന്ന വെല്ലുവിളി ചില്ലറയൊന്നുമല്ല. പുരാതനമനുഷ്യൻ നഗരവത്കരണത്തിന് ചുക്കാൻ പിടിച്ചെങ്കിലും പുത്തൻ ശൈലികളോട് പാതിവഴിയിൽ യാത്രപറയാൻ അവനും ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനല്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന ചുരുക്കം ചിലരും നൂറ്റാണ്ടുകൾക്കപ്പുറം ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന കാലഘട്ടം.

ഭൂമിയെ പറ്റി, അതിന്റെ നിലനിൽപിനെ പറ്റി വ്യാകുലപ്പെടുന്നവർക്കു മാത്രമേ അങ്ങനെയൊക്കെ ചിന്തിക്കാനൊക്കൂ. അടുത്ത മൂന്നു വർഷങ്ങൾക്കപ്പുറം മഹാസമുദ്രങ്ങളിൽ മത്സ്യസമ്പത്തിനു പകരം വൻ പ്ലാസ്റ്റിക് മാലിന്യ നിക്ഷേമായിരിക്കുമെന്നാണ് ആഗോള സാമ്പത്തിക ഉച്ചകോടിയുടെ റിപ്പോർട്ട് പറയുന്നത്. എന്നാൽ, വരാനിരിക്കുന്ന ഈ ദുരന്തം മുമ്പേ തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ലെന്നത് ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്. രാജ്യതലസ്ഥാനമായ ദില്ലിയിൽ വിഷവായു എന്നു കേൾക്കുമ്പോഴും നമുക്ക് കുലുക്കമില്ല. എന്നാൽ, നമ്മൾ നീട്ടിപ്പാടുന്ന സുന്ദരകേരളത്തിലെ ചിലയിടങ്ങളിലെങ്കിലും മേൽപറഞ്ഞ വിഷവായു അഥവാ സ്‌മോഗ് കണ്ടുതുടങ്ങി എന്നു തിരിച്ചറിയണമെങ്കിൽ മണ്ണിനോട് അൽപമെങ്കിലും സ്‌നേഹം വേണം.

ഇവിടെ പൊതുജനത്തെ മാത്രം വിമർശിക്കുന്നതിൽ അർത്ഥമില്ല കാരണം കുന്നുകൂടുന്ന മലിനവസ്തുക്കൾ കെട്ടിക്കിടന്നാൽ ചെറിയ പുരയിടം മാത്രം ഉള്ളവർക്ക് കത്തിക്കുക മാത്രമാണ് പ്രതിവിധി. സർക്കാരിന്റെ ഭാഗത്ത് നിന്ന് മാലിന്യ സംസ്‌ക്കരണ പ്ലാന്റോ മറ്റു മാർഗങ്ങളോ അത്യാവശ്യമായി സ്വീകരിക്കേണ്ടതാണ്. മാലിന്യങ്ങൾ ശേഖരിച്ച് പ്രകൃതിയെ തകർക്കാതെ സംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചേ പറ്റൂ. ഇന്തോനേഷ്യയിലെ ബാലിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് ബയോപ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം ഒരു പരിഹാരമായിരിക്കുന്നു. Corn starch, vegetable ftat, oil എന്നിവ ചേർത്താണ് ബയോപ്ലാസ്റ്റിക് നിർമിക്കുന്നത്. ഇത് ബാലിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറയുന്ന നഗരങ്ങൾക്കും ജലശ്രോതസ്സുകൾക്കും പ്രതീക്ഷയും രക്ഷയും നൽകുന്ന കണ്ടുപിടുത്തമാണ്.

ജലദൗർലഭ്യവും വരണ്ടകാറ്റും നനവില്ലാത്ത മണ്ണും ഇന്നൊരു ദുഃസ്വപ്‌നമാണ്. ഉടൻ യാഥാർത്ഥ്യമായേക്കാവുന്ന ഒന്ന്. ആ സ്വപ്‌നത്തിൽ നിന്നും ഞെട്ടിയുണർന്ന് നവകേരളം സ്വപ്‌നം കണ്ടുറങ്ങുന്ന പലരേയും പുത്തൻ തലമുറ തട്ടിവിളിക്കുന്നു. ആ വിളിയുടെ മാറ്റൊലിയാണ് ഈ ലേഖനം. ഭൂമിയുടെ ആസന്ന മൃതിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കടന്ന് പോയ കവിയുടെ നോവ് നമുക്കിവിടെ അനുസ്മരിക്കാം. ഇനിയും അവൾ മരിച്ചിട്ടില്ല അവളെ കൊന്ന് നീയും ചാവല്ലേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News