വകുപ്പുകളുടെ ഏകോപനം പദ്ധതികളുടെ വിജയത്തിന് അനിവാര്യമാണെന്നു തോമസ് ഐസക്; ഏകോപനമുണ്ടെങ്കിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാം

തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുകയുള്ളുവെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. പല കാര്യങ്ങളിലും വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ദേശീയ സെമിനാർ ‘റീ റീഡിംഗ് ദി നേഷൻ: പാസ്റ്റ് അറ്റ് പ്രസന്റി’ന്റെ സമാപന സമ്മേളനത്തിൽ രാജ്യത്തിന്റെ ഭാവിയെപ്പറ്റി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തൊഴിലവസരങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു കേരളത്തിൽ നിലവിലുള്ള രീതിയിലുള്ള തൊഴിലുകളല്ല ആവശ്യമെന്നും കേരളത്തിലെ യുവജനങ്ങൾ നേടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഇന്നു കേരളത്തിൽ സർക്കാർ മുതൽമുടക്കുന്നത് നാളെ ജോലി ചെയ്യാൻ പോകുന്നവർക്കു വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരവികേന്ദ്രീകരണത്തിലൂടെ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഇടങ്ങളിൽ ഇടപെടാൻ യുവജനങ്ങൾ തയ്യാറാകുന്നുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങൾ ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ ചർച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകുകയുള്ളുവെന്നും ഐസക് പറഞ്ഞു. പല മേഖലകളിലും വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ് ഇന്ത്യയെന്നും അവ എന്തൊക്കെയാണെന്നു മനസ്സിലാക്കി വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നമുക്കു സാധിക്കണമെന്നും ചടങ്ങിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. ഊർജോൽപാദനത്തിൽ ലോകത്തു തന്നെ ഏറ്റവും മുന്നിലെത്താൻ നമുക്കു സാധിക്കും. യുറേനിയവും തോറിയവും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണ്.

സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവയും നമുക്ക് നന്നായി ഉപയോഗിക്കാനാകും. പക്ഷേ, ഇതൊന്നും ഇന്ത്യ ഇതുവരെ പൂർണമായും ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതലമുറക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ സൗഹൃദങ്ങളെപ്പറ്റി പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ യുവജന കമ്മിഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുണ്ടാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. ഡോ. ബി.ബാലഗോപാൽ മോഡറേറ്ററായിരുന്നു. ലിംഗ സമത്വത്തെപ്പറ്റി നടന്ന സെഷനിൽ സുജ സൂസൻ ജോർജ്, ധന്യ സനൽ, ശീതൾ ശ്യാം, ഡോ. പുഷ്പ, ഡോ. റീത്ത തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News