ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവയ്പ്പ്; നാലു മരണം; കൊല്ലപ്പെട്ടവരില്‍ അക്രമിയും പൊലീസുകാരനും; 20 പേര്‍ക്ക് പരുക്ക്; ലണ്ടന്‍ കനത്ത സുരക്ഷാവലയത്തില്‍

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് ഭീകരാക്രമണ ഭീതിയുണർത്തി നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേർ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മധ്യ ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിനു പുറത്താണ് വെടിവയ്പുണ്ടായത്. ഫുട്പാത്തിലൂടെ കാർ ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് മരിച്ചത്. അക്രമത്തെ തുടർന്ന് ലണ്ടൻ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പാർലമെന്റ് ആക്രമിക്കാനുള്ള ഭീകരരുടെ പദ്ധതിയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ഇതേ കാറിലുണ്ടായിരുന്ന അക്രമി താൻ ഓടിച്ചിരുന്ന കാർ പാർലമെന്റിനു സമീപത്തെ വെസ്റ്റ് മിനിസ്റ്റർ പാലത്തിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറ്റി പാർലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. കാർ ഓടിച്ചുണ്ടായ ആക്രമണത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന നിരവധിപേർക്ക് പരുക്കേറ്റു. ഇവരിൽ ഒരു സ്ത്രീയാണ് പിന്നീട് ആശുപത്രിയിൽ മരിച്ചത്.

പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അജ്ഞാതനായ അക്രമി കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തു. അക്രമിയെ ഉടൻതന്നെ പൊലീസ് വെടിവച്ചുവീഴ്ത്തി കീഴ്‌പ്പെടുത്തി. എംപിമാരും മന്ത്രിമാരും പാർലമെന്റിനുള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു കാവൽനിന്ന പൊലീസുകാരനെയാണ് അക്രമി കുത്തിയത്. ഉള്ളിലേക്കു പാഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ഇത്. പൊലീസുകാരനെ കുത്തിയ ഉടനെ അടുത്തുണ്ടായിരുന്ന മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു. അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പാർലമെന്റ് സമ്മേളിക്കുന്ന വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിനു സമീപമുള്ള വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ പ്രാദേശിക സമയം വൈകിട്ട് 3.15നായിരുന്നു അക്രമപരമ്പരകൾ അരങ്ങേറിയത്. ഈ സമയത്ത് ജനപ്രതിനിധി സഭയുടെ പാർലമെന്റ് സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥർ, മന്ദിരത്തിനുള്ളിൽ എംപിമാർക്കും ഉദ്യോഗസ്ഥർക്കും കനത്ത കാവൽ ഏർപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here