‘ഖസാക്കിന്റെ ഇതിഹാസം’ നാടകാവിഷ്‌കാരം കൊച്ചിയിലും; ഏപ്രില്‍ 21, 22, 23 തീയതികളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയില്‍

കൊച്ചി: മലയാള നോവലിനെ വിശ്വോത്തരമാക്കിയ ഒ.വി വിജയന്റെ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം കൊച്ചിയിലും അരങ്ങേറുന്നു. ഏപ്രില്‍ 21, 22, 23 തീയതികളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയാണ് നാടകത്തിന് വേദിയാകുന്നത്.

തൃക്കരിപ്പൂര്‍, തൃശൂര്‍, കൊടുങ്ങല്ലൂര്‍, മുംബൈ, ബംഗളൂരു, തിരുവനന്തപുരം, വടകര എന്നിവിടങ്ങളില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച നാടകം കൊച്ചിയിലെത്തിക്കുന്നത് റോട്ടറി കൊച്ചി യുണൈറ്റഡാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവന്‍പഴമടക്കം നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച് പ്രശസ്തമായ തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസവും അരങ്ങിലെത്തിച്ചത്. ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ പെര്‍ഫോമിംഗ് ആര്‍ട്ട്‌സിലെ അസോസിയേറ്റ് പ്രൊ. ദീപന്‍ ശിവരാമനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. വിവിധ ഇന്‍സ്റ്റലേഷനുകളുടെയും വീഡിയോകളുടെയും സഹായത്തോടെയുള്ള സീനോഗ്രാഫി എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നാടകം അവതരിപ്പിക്കുക.

2015 സെപ്തംബറില്‍ തൃക്കരിപ്പൂരിലാണ് നാടകം ആദ്യം അവതരിപ്പിച്ചത്. രാജീവന്‍ വെള്ളൂര്‍, സി.കെ. സുനില്‍, കെ.വി കൃഷ്ണന്‍ മാസ്റ്റര്‍, വിജയന്‍ അക്കളത്ത്, മനോജ് അന്നൂര്‍, പി.സി. ഗോപാലകൃഷ്ണന്‍, കുമാര്‍ പരിയാച്ചേരി, രാജേഷ് കാര്യത്ത്, വിജേഷ് മുട്ടത്ത്, ഡോ. താരിമ, ശ്രീജ, അശ്വതി, ബാലാമണി തുടങ്ങിയവരാണ് നാടകത്തില്‍ വേഷമിടുന്നത്. ടിക്കറ്റ് ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

ടിക്കറ്റ് വില്‍പനയിലൂടെ സമാഹരിക്കുന്ന തുക എറണാകുളം ജനറല്‍ ആശുപത്രിയിലെ റികണ്‍സ്ട്രക്റ്റിവ് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനാണ് വിനിയോഗിക്കുകയെന്ന് റോട്ടറി കൊച്ചി യുണൈറ്റഡ് ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News