എന്‍ഡിഎ കേരളാ ഘടകത്തില്‍ ഭിന്നത; മലപ്പുറം കണ്‍വെന്‍ഷനില്‍ നിന്ന് തുഷാറും സികെ ജാനുവും വിട്ടുനിന്നു; പ്രസംഗിച്ചത് കുമ്മനവും രാജഗോപാലും മാത്രം

മലപ്പുറം: കോലീബി സഖ്യത്തില്‍, എന്‍ഡിഎ കേരളാ ഘടകത്തിലെ ഭിന്നത വ്യക്തമാക്കി മലപ്പുറം ബിജെപി മലപ്പുറം കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷനില്‍ നിന്ന് സംസ്ഥാനകണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും സികെ ജാനുവും വിട്ടുനിന്നു.

ബിജെപി മുന്‍ അധ്യക്ഷന്മാരും സംസ്ഥാന ഭാരവാഹികളും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എംഎല്‍എയും മാത്രമാണ് പ്രസംഗിച്ചത്. 12000 പേര്‍ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെട്ട കണ്‍വെന്‍ഷനില്‍ വന്നത് 1000 പേര്‍ മാത്രമാണ്.

എന്‍ഡിഎ സംസ്ഥാന നേതാക്കളെ അണിനിരത്തി കണ്‍വന്‍ഷന്‍ നടത്താനായിരുന്നു മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ തീരുമാനം. ശക്തി പ്രകടനം എന്ന നിലയില്‍ മലപ്പുറത്ത് 12,0000 പ്രവര്‍ത്തകരെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ കോലീബി സഖ്യത്തിലെ അതൃപ്തി മൂലം കണ്‍വന്‍ഷന്‍ വിജയം കണ്ടില്ല. എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെളളാപ്പള്ളി, ജെആര്‍എസ് നേതാവ് സികെ ജാനു എന്നിവര്‍ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടു നിന്നു. വേദിയില്‍ ഉണ്ടായിരുന്നിട്ടും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരും മറ്റ് ഭാരവാഹികളും സംസാരിച്ചില്ല. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ രാജഗേപാലും മാത്രമാണ് പ്രസംഗിച്ചത്.

ഘടകകക്ഷികളുമായി ആലോചിക്കാതെ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും ഘടകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു ബിജെപി പ്രാദേശിക ഘടകത്തിനെന്ന പോലെ, എന്‍ഡിഎ ഘടകകക്ഷികളുടേയും നിലപാട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കുമ്മനവും കൂട്ടരും തയ്യാറായില്ല. വിലപേശല്‍ ശക്തമാക്കുക എന്ന തന്ത്രത്തിന്റെ കൂടി ഭാഗമായാണ് തുഷാറിന്റെ വിട്ടു നില്‍ക്കലെന്നും അഭിപ്രായമുണ്ട്. ബിഡിജെഎസിന് കേന്ദ്ര ബിജെപി നേതൃത്വം വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. മലപ്പുറം തെരഞ്ഞെടുപ്പിന് മുമ്പ് ഇത് വാങ്ങിയെടുക്കുക എന്ന തന്ത്രമാണ് ബിഡിജെഎസ് പയറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here