സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പൊരുതിത്തോറ്റു; ഗോവയോടു പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; ഗോവയും ബംഗാളും ഫൈനൽ കളിക്കും

ഗോവ: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോവയോടു പൊരുതിത്തോറ്റ് കേരളം ഫൈനൽ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. അവസാനം വരെ വളരെ നന്നായി കളിച്ചിട്ടും ദൗർഭാഗ്യം കാരണം കേരളം ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. ആദ്യപകുതിയിലാണ് ഗോവ രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ ആശ്വാസഗോൾ.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഗോവ മുന്നിലെത്തിയിരുന്നു. 14, 36 മിനിറ്റുകളിലായിരുന്നു ഗോവയുടെ ഗോളുകൾ. ലിസ്റ്റൺ കൊളാക്കോയുടെ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യപകുതിയിൽ തന്നെ പിന്നെയും നിരവധി തവണ ഗോവ ഗോളിനടുത്തെത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം ഗോൾ വീഴാതെ കാത്തു. രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ ഗോൾ. 62-ാം മിനിറ്റിൽ രാഹുൽ വി രാജാണ് കേരളത്തിന്റെ ആശ്വാസഗോൾ നേടിയത്.

നേരത്തെ, സഡൻഡെത്തിൽ മിസോറാമിനെ കീഴടക്കി പശ്ചിമ ബംഗാൾ ഫൈനലിൽ കടന്നിരുന്നു. ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറു ഗോളുകൾക്കാണ് മിസോറാമിനെ ബംഗാൾ കീഴടക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലെ അഞ്ചു കിക്കുകളും ഇരുടീമുകളും ലക്ഷ്യത്തിലെത്തിച്ചു. സഡൻഡെത്തിൽ ബംഗാൾ കിക്ക് വലയിലെത്തിച്ചപ്പോൾ മിസോറാമിന്റെ കിക്ക് ബംഗാൾ ഗോളി തടുത്തിട്ടു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോളൊന്നും നേടാനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ ഇരു ടീമുകളും അഞ്ച് ഷോട്ടുകളും വലയിലെത്തിച്ചു. സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News